ന്യൂഡൽഹി: ബ്രിട്ടനിൽ ജനിതക മാറ്റം വന്ന കോവിഡ് വൈറസിനെ കണ്ടെത്തിയതിനെ തുടർന്ന് നിർത്തിവച്ച ഇന്ത്യയിലേക്കുള്ള വിമാന സർവീസ് ജനുവരി എട്ടുമുതൽ പുനരാരംഭിക്കും. ഇന്ത്യയില്‍ നിന്ന് യു.കെ.യിലേക്കും തിരിച്ചുമുളള വിമാന സര്‍വീസ് ജനുവരി എട്ട് മുതല്‍ പുനരാരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.
ജനിതക മാറ്റം വന്ന കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഡിസംബര്‍ അവസാനവാരത്തോടെയാണ് ഇന്ത്യ-യു.കെ. വിമാന സര്‍വീസ് താത്കാലികമായി റദ്ദാക്കിയത്. ഈ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു.
ജനുവരി 23 വരെ ആഴ്ചയില്‍ 15 സര്‍വീസുകള്‍ മാത്രമായി പരിമിതപ്പെടുത്തും. ഡല്‍ഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളില്‍ നിന്ന് മാത്രമാകും സര്‍വീസുണ്ടാകുകയെന്നും മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. സര്‍വീസുകളുടെ വിശദാംശങ്ങള്‍ ഡിജിസിഎ ഉടന്‍ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിൽ, ഇതുവരെ 29 പേരെയാണ് പുതിയ വൈറസ് ബാധിച്ചത്. പുതിയ വൈറസിന്റെ വ്യാപന ശേഷി 70 ശതമാനം കൂടുതലാണെന്നും ബ്രിട്ടൻ വ്യക്തമാക്കിയിരുന്നു. 29 രോഗബാധിതരിൽ പത്തെണ്ണം ഡൽഹിയിലും പത്തെണ്ണം ബെംഗളൂരുവിലും ഒന്ന് പശ്ചിമ ബംഗാളിലും മൂന്നെണ്ണം ഹൈദരാബാദിലും അഞ്ച് കേസുകൾ പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലുമാണ് കണ്ടെത്തിയത്.