പ്രധാനമന്ത്രിയുടെ മന് കി ബാത്ത് നടക്കുന്ന അടുത്ത ഞായറാഴ്ച രാജ്യവ്യാപകമായി പാത്രം കൊട്ടാന്‍ കര്‍ഷക സംഘടനകളുടെ ആഹ്വാനം. നാളെ മുതല്‍ കര്‍ഷക നേതാക്കള്‍ റിലേ നിരാഹാര സത്യാഗ്രഹം തുടങ്ങും. സമരത്തിന് പിന്തുണ തേടി ട്രേഡ് യൂണിയനുകള്‍ക്ക് കത്തയച്ചു. അതേസമയം, രാജ്യവ്യാപകമായി കര്‍ഷകര്‍ രക്തസാക്ഷി ദിനം ആചരിച്ചു.
പ്രക്ഷോഭം ശക്തിപ്പെടുത്തുകയാണ് കര്‍ഷക സംഘടനകള്‍. അടുത്ത ഞായറാഴ്ച പ്രധാനമന്ത്രിയുടെ മന് കി ബാത്ത് നടക്കുമ്പോള്‍ രാജ്യവ്യാപകമായി പാത്രം കൊട്ടാന്‍ കിസാന്‍ മുക്തി മോര്‍ച്ച ആഹ്വാനം ചെയ്തു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കും വരെ കര്‍ഷക നേതാക്കള്‍ റിലേ നിരാഹാര സത്യാഗ്രഹം നടത്തും. ബുധനാഴ്ച ഒരു നേരത്തെ ഭക്ഷണം ഉപേക്ഷിക്കാന്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ക്രിസ്മസ് ദിനത്തില്‍ ഹരിയാനയിലെ മുഴുവന്‍ ടോള്‍ ബൂത്തുകളും പിടിച്ചെടുക്കുമെന്നും കിസാന്‍ മുക്തി മോര്‍ച്ച വ്യക്തമാക്കി. അതേസമയം, കര്‍ഷക നേതാക്കള്‍ ട്രേഡ് യൂണിയന് നേതാക്കളുമായി നാളെ വിഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന ചര്‍ച്ച നടത്തും. രാജ്യവ്യാപകമായി കര്‍ഷകര്‍ ഇന്ന് രക്തസാക്ഷി ദിനം ആചരിച്ചു. കൊടും ശൈത്യം, ഹൃദയാഘാതം, വാര്‍ധക്യസഹജമായ അസുഖങ്ങള്‍, വാഹനാപകടങ്ങള്‍ എന്നിവ കാരണം മുപ്പത്തിമൂന്ന് കര്‍ഷകരാണ് ഇതുവരെ മരിച്ചത്. വിവിധ സമര കേന്ദ്രങ്ങളിലായി ആയിരങ്ങള്‍ ആദരാഞ്ജലി അര്‍പ്പിച്ചു.