Site icon Ente Koratty

നവവധുവിനെ നൃത്തം ചെയ്യാൻ വരന്റെ കൂട്ടുകാർ വലിച്ചിഴച്ച് കൊണ്ടുപോയി; വിവാഹത്തിൽ നിന്ന് വധു പിൻമാറി

ബറേലി: വരന്റെ സുഹൃത്തുക്കൾ നൃത്ത വേദിയിലേക്ക് വധുവിനെ വലിച്ചിഴച്ച് കൊണ്ടു പോയി. ഇതിൽ കുപിതയായ വധു വിവാഹത്തിൽ നിന്ന് പിൻമാറി. അവളെ ബഹുമാനിക്കാത്ത ഒരാളെ വിവാഹം കഴിക്കാൻ മകളെ നിർബന്ധിക്കാൻ കഴിയില്ലെന്ന് വധുവിന്റെ പിതാവും വ്യക്തമാക്കി. വരന്റെ സുഹൃത്തുക്കൾ നൃത്തം ചെയ്യാൻ വലിച്ചിഴച്ചതിനെ തുടർന്ന് വധു വിവാഹപന്തലിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

ബറേലി ജില്ലയിലെ ഒരു ഗ്രാമത്തിൽ നിന്നുള്ളയാളാണ് വരൻ. വധുവാകട്ടെ കനൗജ് ജില്ലയിൽ നിന്നുള്ള വ്യക്തിയും. ഇരുവരും ബിരുദാനന്തരബിരുദ ധാരികളുമാണ്. ഗംഭീരമായ വിവാഹ ചടങ്ങിനായാണ് വധുവും കുടുംബവും വെള്ളിയാഴ്ച ബറേലിയിൽ എത്തിയത്. വരന്റെ ബന്ധുക്കൾ വധുവിനെ നൃത്തവേദിയിലേക്ക് വലിച്ചിഴയ്ക്കുന്നത് വരെ എല്ലാം ഗംഭീരമായിരുന്നു. എന്നാൽ, ഈ സംഭവത്തോടെ ഇരു വിഭാഗവും തമ്മിൽ തർക്കം ഉടലെടുത്തു.

ഈ സംഭവത്തെ തുടർന്ന് വിവാഹം റദ്ദാക്കി. വധു അവളുടെ വീട്ടിലേക്ക് മടങ്ങാനും തീരുമാനിച്ചു. വധുവിന്റെ കുടുംബം വരന്റെ കുടുംബത്തിന് എതിരെ സ്ത്രീധന പരാതി ഫയൽ ചെയ്തു. വരന്റെ കുടുംബം 6.5 ലക്ഷം രൂപ നൽകാമെന്ന് സമ്മതിച്ചതിനെ തുടർന്ന് ഇരുപക്ഷവും ഒത്തുതീർപ്പിലെത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

‘വിവാഹം നിർത്തിവച്ചു. സ്ത്രീയുടെ കുടുംബം സ്ത്രീധന പരാതി നൽകിയിരുന്നു. രണ്ട് കുടുംബങ്ങൾ തമ്മിലുള്ള പ്രശ്‌നമായതിനാൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. അവർ പിന്നീട് ഒരു ഒത്തുതീർപ്പിലെത്തി’ – ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

Exit mobile version