Site icon Ente Koratty

പുതിയ പാർലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടു; 64,500 ചതുരശ്ര മീറ്റര്‍ വിസ്തൃതി; ചെലവ് 971 കോടി രൂപ

ന്യൂഡൽഹി: പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു. ഇതിന് മുന്നോടിയായി ഭൂമി പൂജ നടന്നു. തുടർന്ന് സർവ മത പ്രാർത്ഥനയും നടന്നു. പ്രധാനമന്ത്രിയെ കൂടാതെ കേന്ദ്രമന്ത്രിമാരും പാർലമെന്റംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. കോൺഗ്രസ് ചടങ്ങ് ബഹിഷ്കരിച്ചു.

2022ല്‍ നിര്‍മാണം പൂര്‍ത്തിയാക്കി സ്വാതന്ത്ര്യത്തിന്‍റെ 75ാം വാര്‍ഷികത്തില്‍ പുതിയ മന്ദിരത്തില്‍ സമ്മേളനം നടത്താനാണ് ലക്ഷ്യമിടുന്നത്.  വൃത്താകൃതിയിലുള്ള ഇപ്പോഴത്തെ പാര്‍ലമെന്‍റ് മന്ദിരത്തിന് സമീപം ത്രികോണാകൃതിയിലാണ് പുതിയ മന്ദിരം ഉയരുക.

971 കോടി രൂപ ചെലവിട്ട് 64,500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിൽ നിർമിക്കുന്ന മന്ദിരത്തിന് നിലവിലേതിനേക്കാള്‍ 17,000 ചതുരശ്രമീറ്റര്‍ വലുപ്പമുണ്ടാകും. ‌നാല് നിലകളിലായി ഉയരുന്ന മന്ദിരത്തിന് ആറ് കവാടങ്ങളുണ്ടാകും. ലോക്സഭാ ചേംബറിന്‍റെ വലുപ്പം 3015 ചതുരശ്ര മീറ്ററാണ്. 888 അംഗങ്ങള്‍ക്ക് ഇരിപ്പിടമുണ്ടാകും. രാജ്യസഭ ചേംബറില്‍ 384 അംഗങ്ങള്‍ക്ക് ഇരിക്കാം. നിലവില്‍ ലോക്സഭയില്‍ 543 ഉം രാജ്യസഭയില്‍ 245 ഉം അംഗങ്ങള്‍ക്കാണ് ഇരിപ്പിടമാണുള്ളത്. പുതിയ മന്ദിരത്തില്‍ സെന്‍ട്രല്‍ ഹാളുണ്ടാകില്ല.

സംയുക്ത സമ്മേളനങ്ങള്‍ ലോക്സഭാ ചേംബറില്‍ നടക്കും. ഇരിപ്പിടങ്ങള്‍ നിലവിലേതിനേക്കാള്‍ വലുപ്പമുള്ളതാണ്. തൊട്ടടുത്ത മന്ദിരത്തില്‍ എല്ലാ എംപിമാര്‍ക്കും ഓഫീസുണ്ടാകും. വായു, ശബ്ദ മലിനീകരണങ്ങള്‍ നിയന്ത്രിക്കാനും ഭൂകമ്പം ചെറുക്കാനും സംവിധാനമുണ്ടാകും. 2000 പേര്‍ നേരിട്ടും 9000 പേര്‍ പരോക്ഷമായും നിര്‍മാണത്തില്‍ പങ്കാളികളാകും.‌

ടാറ്റ പ്രോജക്ട്സ് ലിമിറ്റഡാണ് കരാര്‍ നേടിയിട്ടുള്ളത്. രാഷ്ട്രപതിഭവന്‍ മുതല്‍ ഇന്ത്യാഗേറ്റ് വരെ നവീകരിക്കുന്ന സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമാണ് പുതിയ പാര്‍ലമെന്‍റ് മന്ദിരം. നിലവിലെ പാര്‍ലമെന്‍റിന്‍റെ ബലക്ഷയവും ഭാവിയില്‍ മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം എംപിമാരുടെ എണ്ണം കൂടാന്‍ ഇടയുള്ളതും ചൂണ്ടിക്കാട്ടിയാണ് പുതിയ മന്ദിരം പണിയുന്നത്.

Exit mobile version