Site icon Ente Koratty

കോവിഡ് വാക്സിൻ എപ്പോൾ വിതരണം ചെയ്യാനാകുമെന്ന് ഇപ്പോൾ പറയാനാകില്ല; പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്ത് കോവിഡ്  വാക്സിൻ വിതരണം എപ്പോൾ ആരംഭിക്കാനാകുമെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്സിൻ ലഭ്യമായാൽ വേഗത്തിലും സുരക്ഷിതവുമായി വിതരണം ചെയ്യും. വാക്സിൻ വിതരണത്തിന് സംസ്ഥാനങ്ങൾ പദ്ധതി തയാറാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കോവിഡ് വ്യാപനം രൂക്ഷമായ  എട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡൽഹി, മഹാരാഷ്ട്ര, കേരളം, ഗുജറാത്ത്, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, ഛത്തീസ്ഗഡ്, ഹരിയാന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ യോഗത്തിൽ പങ്കെടുത്തു.

പ്രാവേശിക തലത്തിൽ വാക്സിൻ വിതരണം ഉറപ്പാക്കും. അതിന് ബ്ലോക്ക് തലം മുതൽ ആസൂത്രണം നടത്തണം.വാക്സിൻ വിത്തരണത്തിന് കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് പ്രവർത്തിക്കും. കോവിഡ് പ്രതിരോധ പ്രവർത്തകർക്ക് ആദ്യ പരിഗണന നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

സംസ്ഥാനങ്ങൾ കോവിഡ് പരിശോധനാ നിരക്ക് ഉയർത്തണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കോവിഡ്  ജാഗ്രത തുടരണം. ജനങ്ങൾ വൈറസിനെ ലളിതമായി കാണുകയാണ്. വാക്സിൻ വിതരണം പൂർത്തിയാകും വരെ ജാഗ്രത കൈവിടരുത്. വാക്സിൻ വിതരണം വൈകുന്നതിനെ ചിലർ രാഷ്രീയ ആയുധമാക്കുകയാണെന്നും പ്രധാനമന്ത്രി വിമർശിച്ചു.

ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഡോ. ഹർഷവർദ്ധൻ, കോവിഡ് വാക്സീൻ വിദഗ്ധ സമിതി അധ്യക്ഷൻ ഡോ. വി.കെ. പോൾ തുടങ്ങിയവരും യോഗത്തിൽ സംബന്ധിച്ചു.

Exit mobile version