പാക് ചാര സംഘടനക്ക് യുദ്ധവിമാനത്തെക്കുറിച്ചുള്ള വിവരങ്ങൾ ചോർത്തി നൽകിയ ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽ ലിമിറ്റഡ് ജീവനക്കാരൻ പിടിയിൽ. 41കാരനായ ദീപക് ശിർസാത്ത് എന്നയാളെ ആണ് മഹാരാഷ്ട്ര ആൻ്റി ടെററിസം സ്ക്വാഡ് പിടികൂടിയത്. നാസിക്കിലെ വിമാന നിർമാണ യൂണിറ്റിനെപ്പറ്റിയുള്ള വിവരങ്ങളും ഇയാൾ പങ്കുവെച്ചു എന്ന് സ്ക്വാഡ് അറിയിച്ചു.
വാട്സപ്പിലൂടെയാണ് ദീപക് പാക് ചാര സംഘടനയായ ഐഎസ്ഐയ്ക്ക് വിവരങ്ങൾ കൈമാറിയത്. നാസിക്കിലെ വിമാന നിർമ്മാണ യൂണിറ്റിൽ ക്വാളിറ്റി കണ്ട്രോളറായി ജോലി ചെയ്തു കൊണ്ടിരുന്ന ദീപക് കുറച്ച് കാലങ്ങളായി നിരീക്ഷണത്തിലായിരുന്നു. പൊലീസ്, എടിഎസ്, മിലിട്ടറി ഇൻ്റലിജൻസ് തുടങ്ങിയവരൊക്കെ ദീപക്കിനെ നിരീക്ഷിച്ചുവരികയായിരുന്നു.
ഐഎസ്ഐയുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന ഇയാളെക്കുറിച്ച് ആൻ്റി ടെററിസം സ്ക്വാഡിനു വിവരം ലഭിച്ചിരുന്നു എന്ന് നാസിക്ക് യൂണിറ്റ് ഡിസിപി വിനയ് റാത്തോഡ് പറഞ്ഞു. നാസിക്കിനടുത്തുള്ള ഓസറിലെ എച്ച്എഎൽ വിമാന നിർമാണ യൂണിറ്റ്, എയർബേസ്, നിർമാണ യൂണിറ്റിനുള്ളിലെ നിരോധിത പ്രദേശങ്ങൾ എന്നിവകളുമായി ബന്ധപ്പെട്ട വിവരങ്ങളും ഇയാൾ ഐഎസ്ഐക്ക് കൈമാറിയിരുന്നു എന്നും ആൻ്റി ടെററിസ്റ്റ് സ്ക്വാഡ് അറിയിച്ചു. മൂന്ന് മൊബൈൽ ഹാൻഡ്സെറ്റുകളും അഞ്ച് സിം കാർഡുകളും രണ്ട് മെമ്മറി കാർഡുകളും ഇയാളിൽ നിന്ന് പിടിച്ചെടുത്തു.