Site icon Ente Koratty

ഹത്‌റാസ് കൂട്ടബലാത്സംഗം; സിബിഐ അന്വേഷണം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ

ഉത്തർപ്രദേശിലെ ഹത്‌റാസിൽ പെൺകുട്ടി മരിച്ച സംഭവത്തിൽ സംസ്ഥാന സർക്കാർ സിബിഐ അന്വേഷണം പ്രഖ്യാപിച്ചു. സിബിഐയ്ക്ക് കേസ് കൈമാറാനുള്ള നടപടിയെടുക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകിയെന്നാണ് വിവരം. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടങ്ങുന്ന കോൺഗ്രസ് സംഘം പെൺകുട്ടിയുടെ വീട് സന്ദർശിച്ചതിന് തൊട്ടുപിന്നാലെയാണ് യോഗി സർക്കാരിന്റെ പുതിയ നീക്കം.

സന്ദർശനത്തിന് ശേഷം രാജ്യം മുഴുവൻ ഹത്‌റാസ് പെൺകുട്ടിക്കൊപ്പം ഉണ്ടെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. അവൾക്ക് നീതി ലഭിക്കാൻ വേണ്ടി രാജ്യം കൂടെയുണ്ട്. കുടുംബത്തോടൊപ്പം ഉണ്ടെന്നും രാഹുലിന്റെ ട്വീറ്റ്. ഒരു ശക്തിക്കും പെൺകുട്ടിയുടെ കുടുംബത്തിന്റെ ശബ്ദം ഇല്ലാതാക്കാനാകില്ലെന്നും രാഹുൽ പറഞ്ഞു. പെൺകുട്ടിക്ക് നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്ന് പ്രിയങ്ക ഗാന്ധിയും വ്യക്തമാക്കി.

ഈ മാസം 14 സംഭവം നടന്നത്. പുല്ലുവെട്ടാൻ കുടുംബാംഗങ്ങൾക്ക് ഒപ്പം പോയ ദളിത് പെൺകുട്ടിയാണ് ക്രൂരതക്ക് ഇരയായത്. കുട്ടിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും പ്രതികൾ ശ്രമിച്ചിരുന്നു. പെൺകുട്ടിയുടെ നാക്ക് മുറിഞ്ഞ അവസ്ഥയിലായിരുന്നു. കുടുംബം ആരോപണം ഉന്നയിച്ചത് പ്രദേശത്തെ ഉന്നത ജാതിക്കാർക്ക് എതിരെയാണ്. സംഭവത്തിൽ പൊലീസിനെതിരെയും കുടുംബം രംഗത്തെത്തി. പൊലീസ് തിടുക്കപ്പെട്ടാണ് പെൺകുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചതെന്നും കുടുംബം പരാതിപ്പെട്ടിരുന്നു. സംഭവത്തിൽ പ്രതിഷേധം കനക്കുകയാണ്. പെൺകുട്ടിയുടെ വീട്ടുകാർക്ക് എതിരെ ഇപ്പോഴും ഭീഷണിയുണ്ടെന്നാണ് വിവരം.

Exit mobile version