ഹത്റാസിൽ കഴിഞ്ഞ ദിവസം ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബം ഭീഷണിയുടെ നിഴലിലാണെന്ന് കോൺഗ്രസ് വക്താവ് കെ സി വേണുഗോപാൽ. ജില്ലാ മജിസ്ട്രേറ്റ് അടക്കം കുടുംബത്തെ ഭീഷണിപ്പെടുത്തുന്നുണ്ട്. അതേസമയം കോൺഗ്രസ് നേതാക്കൾ പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് മടങ്ങി. രാഹുൽ ഗാന്ധിയും പ്രിയങ്കയും അടക്കമുള്ള നേതാക്കളാണ് ഹത്റാസിലെത്തിയത്. മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ രാഹുലിനും പ്രിയങ്കയും യുപി ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, അധീർ രഞ്ജൻ ചൗധരി, രൺദീപ് സിംഗ് സുർജെവാല, കെ സി വേണുഗോപാൽ എന്നിവരാണ് സന്ദർശനം നടത്തിയത്. ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ ഉടൻ സംഘം സന്ദർശിച്ചു.
നേരത്തെ ഡൽഹി ഉത്തർപ്രദേശ് അതിർത്തിയിൽ ഇരുവരെയും പൊലീസ് തടഞ്ഞിരുന്നു. ഡൽഹി ഉത്തർ പ്രദേശ് അതിർത്തിയിൽ വൻ പൊലീസ് സന്നാഹമാണ് ഒരുക്കിയിരുന്നത്. രണ്ട് ദിവസം മുൻപ് ഹത്റാസ് സന്ദർശിക്കാനുള്ള ഇരുവരുടെയും ശ്രമത്തെ പൊലീസ് തടഞ്ഞിരുന്നു.
നേരത്തെ പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ അഡീഷണൽ ചീഫ് സെക്രട്ടറി അവാനിഷ് അവാസ്തിയും ഡിജിപി ഹിതേഷ് ഡന്ദ്ര അവാസ്തിയും സന്ദർശിച്ചിരുന്നു. പെൺകുട്ടിയുടെ ബന്ധുക്കളുമായി ഇരുവരും സംസാരിച്ചു. ഹത്റാസ് സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ ഉന്നത ഉദ്യോഗസ്ഥർ തയാറായത്.