കോൺഗ്രസ് നേതാക്കൾ ഹത്റാസിൽ. രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും അടക്കം അഞ്ച് നേതാക്കളാണ് ഹത്റാസിലെത്തിയത്. ഇരുവരോടൊപ്പം ഉള്ളത് അധീർ രഞ്ജൻ ചൗധരി, രൺദീപ് സിംഗ് സുർജെവാല, കെ സി വേണുഗോപാൽ എന്നിവരാണ്. ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ സംഘം സന്ദർശിച്ചു. കുടുംബാംഗങ്ങളുമായി സംസാരിക്കുകയാണ്.
ഇതേ തുടർന്ന് ഹത്റാസിൽ പൊലീസ് സുരക്ഷ ശക്തമാക്കി. കോൺഗ്രസ് പ്രവർത്തകർ ഹത്റാസിലെത്തിയിട്ടുണ്ട്. ആഗ്രയിൽ 12 മഹിളാ കോൺഗ്രസ് പ്രവർത്തകർ കസ്റ്റഡിയിലായി.
നേരത്തെ ഡൽഹി ഉത്തർപ്രദേശ് അതിർത്തിയിൽ ഇരുവരെയും പൊലീസ് തടഞ്ഞിരുന്നു. നേതാക്കൾ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചുവെന്നും റിപ്പോർട്ടുകൾ. സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും ഇന്ന് ഹത്റാസ് സന്ദർശിക്കുമെന്നാണ് വിവരം.
ഡൽഹി ഉത്തർ പ്രദേശ് അതിർത്തിയിൽ വൻ പൊലീസ് സന്നാഹമാണ് ഒരുക്കിയിരുന്നത്. അതിർത്തിയിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ടായിരുന്നു. രണ്ടാം തവണയാണ് ഇരുവരും ഹത്റാസിലേക്ക് പോകാൻ ശ്രമിച്ചത്. രണ്ട് ദിവസം മുൻപ് ഹത്റാസ് സന്ദർശിക്കാനുള്ള ഇരുവരുടെയും ശ്രമത്തെ പൊലീസ് തടഞ്ഞിരുന്നു. ഇരുവരെയും അറസ്റ്റ് ചെയ്താണ് നീക്കിയത്.