Site icon Ente Koratty

‘രാഹുൽ ഗാന്ധിയെ കൈയേറ്റം ചെയ്തത് അപലപനീയം’; നടപടി ജനാധിപത്യ വിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ കൈയേറ്റം ചെയ്തതിൽ പ്രതിഷേധം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഹത്രാസിൽ ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാൻ പോകുന്നതിനിടെയാണ് രാഹുൽ ഗാന്ധിയെ ഉത്തർപ്രദേശിൽ പൊലീസ് കൈയേറ്റം ചെയ്തത്.

രാഹുൽ ഗാന്ധിക്ക് ഹത്രാസിലേക്ക് പോകാൻ എല്ലാ ജനാധിപത്യ അവകാശങ്ങളുമുണ്ടെന്നും ഭരണഘടനാപരമായ സ്വാതന്ത്ര്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനെയെല്ലാം ഇല്ലായ്മ ചെയ്യുന്ന നീക്കം ആത്യന്തികമായി ജനാധിപത്യത്തിന് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട ഹത്രാസിലെ പെൺകുട്ടിയുടെ വീട്ടിലേക്കുള്ള യാത്രാമധ്യേയാണ് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും തടഞ്ഞത്. രാഹുലിന്റെയും പ്രിയങ്കയുടെയും വാഹനങ്ങൾ ഡൽഹി – ഉത്തർപ്രദേശ് അതിർത്തിയായ ഗ്രേറ്റർ നോയിഡയിലാണ് തടഞ്ഞത്. വാഹനങ്ങൾ തടഞ്ഞതിനെ തുടർന്ന് ഇരുവരും കാറിൽ നിന്നിറങ്ങി കാൽനടയായി യാത്ര ആരംഭിക്കുകയായിരുന്നു. നിരവധി കോൺഗ്രസ് പ്രവർത്തകരും ഇരുവർക്കുമൊപ്പമുണ്ട്.

Exit mobile version