ബാബറി മസ്ജിദ് കേസിൽ എല്ലാ പ്രതികളെയും വെറുതെ വിട്ടു. ലക്നൗ പ്രത്യേക സിബിഐ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ബാബറി മസ്ജിദ് പൊളിച്ചത് ആസൂത്രിതമായല്ലെന്ന് കോടതി. ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നും പ്രതികൾക്കെതിരായ തെളിവ് ശക്തമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
32 പ്രതികളിൽ 26 പേർ കോടതിയിൽ ഹാജരായി. എൽ.കെ.അഡ്വാനി, മുരളീ മനോഹർ ജോഷി, ഉമാഭാരതി എന്നിവർ വീഡിയോ കോൺഫറൻസിംഗ് വഴിയാണ് പങ്കെടുത്തത്. കോടതി പരിസരത്ത് വൻ സുരക്ഷാ സന്നാഹമാണ് ഒരുക്കിയത്.
ബാബറി മസ്ജിദ് തകർത്ത് 27 വർഷവും ഒൻപത് മാസവും 24 ദിവസവും പിന്നിട്ട ശേഷമാണ് വിധി പ്രസ്താവിച്ചിരിക്കുന്നത്. 1992 ഡിസംബർ ആറിന് ബാബറി മസ്ജിദ് തകർക്കുമ്പോൾ അയോധ്യയിലുണ്ടായിരുന്ന ബിജെപി മുതിർന്ന നേതാക്കൾ അടക്കമാണ് പ്രതിപ്പട്ടികയിൽ. കുറ്റപത്രത്തിൽ ആകെ 49 പ്രതികളാണുള്ളത്. 17 പേർ മരിച്ചു. വിചാരണ നേരിട്ടത് ബാക്കി 32 പ്രതികളാണ്. എൽ.കെ.അഡ്വാനി, മുരളീ മനോഹർ ജോഷി, ഉമാഭാരതി, കല്യാൺ സിംഗ്, വിനയ് കത്യാർ തുടങ്ങിയവരാണ് വിചാരണ നേരിട്ട പ്രമുഖർ. 351 സാക്ഷികളെ വിസ്തരിച്ച കോടതി 600 രേഖകൾ പരിശോധിച്ചു.
സുപ്രിംകോടതി നിർദേശപ്രകാരം ഗൂഢാലോചനക്കുറ്റവും, ബാബറി മസ്ജിദ് തകർത്തതും ഒരുമച്ചാക്കിയാണ് വിചാരണ നടത്തിയത്. കേസിലെ വിധി പറയാൻ മാത്രം വിരമിക്കൽ തീയതി നീട്ടിയ പ്രത്യേക കോടതി ജഡ്ജി സുരേന്ദർ കുമാർ യാദവ് വിധിക്ക് പിന്നാലെ വിരമിക്കും.