കോയമ്പത്തൂര്‍ ആര്യ വൈദ്യ ഫാര്‍മസി (എ.വി.പി.) മാനേജിങ് ഡയറക്ടര്‍ പത്മശ്രീ ഡോ. പി.ആര്. കൃഷ്ണകുമാര്‍ (69) അന്തരിച്ചു. അസുഖബാധിതനായി കോയമ്പത്തൂര്‍ കെ.എം.സി.എച്ച്. ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രി ഒന്പതോടെയായിരുന്നു അന്ത്യം.
ആര്യ വൈദ്യ ഫാര്‍മസി സ്ഥാപകനായ പി.വി. രാമവാര്യരുടെയും പരേതയായ പങ്കജം വാരസ്യാരുടെയും മകനായി 1951 സെപ്റ്റംബര്‍ 23-ന് കോയമ്പത്തൂരിലായിരുന്നു ജനനം. കസ്തൂരി വാരസ്യാര്, ഗീത വാരസ്യാര്, രാജന് വാര്യര്‍, ദുര്‍ഗ വാരസ്യാര്, അംബിക വാരസ്യാര്, പരേതയായ തങ്കം വാരസ്യാര് എന്നിവര്‍ സഹോദരങ്ങളാണ്. അവിവാഹിതനായ കൃഷ്ണകുമാര്‍ കോയമ്പത്തൂര്‍ രാമനാഥപുരത്തെ രാജമന്ദിരത്തിലായിരുന്നു താമസം.
1994ലാണ് എ.വി.പി.യുടെ സാരഥ്യം കൃഷ്ണകുമാര്‍ ഏറ്റെടുത്തത്. കോയമ്പത്തൂര്‍ ആയുര്‍വേദിക് ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി, ആര്യവൈദ്യന്‍ രാമവാര്യര്‍ എജ്യുക്കേഷണല്‍ ഫൗണ്ടേഷന് ഫോര്‍ ആയുര്‍വേദയുടെ എക്സിക്യുട്ടീവ് ചെയര്മാന്, കെയര്‍ കേരളയുടെ സി.എം.ഡി. തുടങ്ങിയ സ്ഥാനങ്ങളും കൃഷ്ണകുമാര്‍ വഹിച്ചിരുന്നു.
അവിനാശിലിംഗം റിസർച് ഫൗണ്ടേഷൻ സ്ഥാപകനാണ്. ആയുര്‍വേദരംഗത്തെ സമഗ്രസംഭാവന കണക്കിലെടുത്ത് സംഭാവനകള്‍ പരിഗണിച്ച് 2009-ല്‍ രാജ്യം പദ്മശ്രീ നല്കി ആദരിച്ചിരുന്നു. 2016 ൽ ധന്വന്തരി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
പി.ആർ. കൃഷ്ണകുമാറിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ആയുർവേദ മേഖലയുടെ വളർച്ചയ്ക്ക് വലിയ സംഭാവന നൽകിയ വ്യക്തിയായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.