കൊവിഡ് സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ പുതിയ മാര്‍ഗരേഖയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്. കൊവിഡ് ബാധിച്ചവര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും എണ്‍പത് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അനുമതി നല്കി. വീടുകള്‍ കയറിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണം നടത്താനും തെരഞ്ഞെടുപ്പ് കമ്മീഷന് അനുമതി നല്‍കിയിട്ടുണ്ട്.
അഞ്ചുപേരുള്ള സംഘങ്ങള്‍ക്ക് നിബന്ധനകള്‍ പാലിച്ച് പ്രചാരണം നടത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്. എല്ലാ ബൂത്തുകളിലും തെര്‍മ്മല്‍ സ്കാനറും സാനിറ്റൈസറും കൈകഴുകാനുള്ള സൗകര്യവും ഉറപ്പാക്കണം. ഒരു പോളിംഗ് സ്റ്റേഷനില്‍ വോട്ട് ചെയ്യാന്‍ കഴിയുന്നവരുടെ എണ്ണം 1000 ആയി ചുരുക്കിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തെരഞ്ഞെടുപ്പ് മാര്‍ഗനിര്‍ദേശങ്ങളുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച നടന്നിരുന്ന. വെര്‍ച്വല്‍ സംവിധാനത്തിലൂടെ തെരഞ്ഞെടുപ്പ് പ്രചാരണം മതിയെന്നായിരുന്നു ചില രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാട്. എന്നാല്‍ പല പാര്‍ട്ടികളും ഇതിനെതിരായിരുന്നു. ഇതോടെയാണ് വെര്‍ച്വല്‍ അല്ലാതെയുള്ള പ്രചാരണം കൂടി അംഗീകരിച്ച് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിരിക്കുന്നത്.
പ്രചാരണത്തിന് പോകുന്നവര്‍ സാമൂഹിക അകലം പാലിക്കണം. പൊതുയോഗങ്ങളിലും സാമൂഹിക അകലം പാലിക്കണം. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഇക്കാര്യങ്ങള്‍ വിലയിരുത്തി അനുമതി നല്‍കണം. സ്ഥാനാര്‍ത്ഥികളുമായുള്ള റോഡ് ഷോയ്ക്കും അനുമതിയുണ്ട്. എന്നാല്‍ വാഹനങ്ങളുടെ എണ്ണം കുറവായിരിക്കണം. രണ്ടുപേര്‍ മാത്രമേ ഒരു വാഹനത്തില്‍ ഉണ്ടാകാന്‍ പാടുള്ളൂവെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.