തെരഞ്ഞെടുപ്പ് കമീഷണർ അശോക് ലവാസ രാജിവെച്ചു. ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെ (എ.ഡി.ബി) വൈസ് പ്രസിഡന്റായി ചുമതലയേൽക്കുന്നതിനെ തുടർന്നാണ് രാജി. സെപ്റ്റംബറിൽ അശോക് ലവാസ എ.ഡി.ബി വൈസ് പ്രസിഡന്റായി സ്ഥാനമേൽക്കും. രാഷ്ട്രപതി രാംനാഥ് കോവിന്ദിനാണ് ലവാസ രാജിക്കത്ത് നല്‍കിയിരിക്കുന്നത്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായ സുനിൽ അറോറ 2021 ഏപ്രിലിൽ സ്ഥാനമൊഴിഞ്ഞാൽ ആ പദവി ഏറ്റെടുക്കേണ്ടയാളായിരുന്നു അശോക് ലവാസ. സേവന കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് സ്ഥാനമൊഴിയുന്ന രണ്ടാമത്തെ തെരഞ്ഞെടുപ്പ് കമ്മീഷണറാണ് ഇദ്ദേഹം. എ ഡി ബി വൈസ് പ്രസിഡന്റായി ലവാസയെ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ഈ മാസം 31ന് കാലാവധി തീരുന്ന ദിവാകർ ഗുപ്തയുടെ പിൻഗാമിയായാണ് നിയമനം.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവര്‍ നടത്തിയ തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനങ്ങളില്‍ ഇലക്ഷന് കമ്മീഷന് നടപടിയെടുക്കാത്തതില്‍ ഇദ്ദേഹം പ്രതിഷേധശബ്ദമുയര്ത്തിയിരുന്നു. മോദിക്കും ഷായ്ക്കും കമ്മീഷന് ക്ലീന്‍ ചിറ്റ് നല്കുകയാണുണ്ടായത്. അതേസമയം രാഷ്ട്രപതി ഇദ്ദേഹത്തിന്റെ രാജി സ്വീകരിച്ചിട്ടുണ്ടോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.