Site icon Ente Koratty

ആംബുലന്‍സ് കിട്ടിയില്ല; കോവിഡ് രോഗിയെ പിപിഇ കിറ്റ് ധരിച്ച് ബൈക്കില്‍ ആശുപത്രിയിലെത്തിച്ച് യുവനേതാവ്

പശ്ചിമ ബംഗാളിലെ ജര്‍ഗ്രാം ജില്ലയിലെ തൃണമൂല്‍ നേതാവ് സത്യകം പട്നായിക് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. കോവിഡ് ബാധയുണ്ടെന്ന് സംശയമുള്ളയാളെ ആംബുലന്‍സ് ലഭിക്കാത്തതിനാല്‍, ബൈക്കില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു ഈ നേതാവ്. പി‌പി‌ഇ കിറ്റ് ധരിച്ചാണ് സത്യകം പട്നായിക് കോവിഡ് ബാധിച്ച വ്യക്തിയെ ആശുപത്രിയിലെത്തിച്ചത്. നേതാവിന്‍റെ ധീരമായ പ്രവ‌ൃത്തിക്ക് സോഷ്യൽ മീഡിയ കൈ അടിക്കുകയാണിപ്പോള്‍.

തൃണമൂൽ യുവജന വിഭാഗത്തിന്‍റെ ഗോപിബല്ലവ്‌പുരിലെ നേതാവാണ് സത്യകം പട്നായിക്. മറുനാടന്‍ തൊഴിലാളിയായ അമല്‍ ബാരിക്കെന്ന 43കാരന് ഗ്രാമത്തില്‍ തിരിച്ചെത്തിയ ശേഷം കടുത്ത പനിയുണ്ടെന്ന കാര്യം പാര്‍ട്ടിപ്രവര്‍ത്തകരാണ് സത്യകം പട്നായികിനെ അറിയിക്കുന്നത്. അമല്‍ ബാരിക്കിനെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലൻസൊന്നും ലഭിക്കാതെ വിഷമിച്ചിരിക്കുകയായിരുന്നു വീട്ടുകാര്‍.

വിവരം അറിഞ്ഞപ്പോള്‍, ബാരിക്കിനെ എങ്ങനെ എത്രയും വേഗം ആശുപത്രിയിലെത്തിക്കണം എന്ന് മാത്രമാണ് ചിന്തിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകരായ സുഹൃത്തുക്കളോട് ഒരു പിപിഇ കിറ്റ് സംഘടിപ്പിക്കാനും എന്തെങ്കിലും ഒരു വാഹനം സംഘടിപ്പിക്കാനും മാത്രമാണ് സഹായം തേടിയത്. ശേഷം ഞാന്‍ സിജുവ ഗ്രാമത്തിലെ അയാളുടെ വീട്ടിലേക്ക് പോയി. തിങ്കളാഴ്ചയായിരുന്നു അത്.

വീട്ടില്‍ ബാരിക്കും ഭാര്യയും രണ്ട് മക്കളും ടെന്‍ഷനിലായിരുന്നു. അപ്പോഴേക്കും പാര്‍ട്ടിപ്രവര്‍ത്തകരിലൊരാള്‍ ഒരു ബൈക്ക് കൊണ്ടുവന്നു. പിപിഇ കിറ്റ് ധരിച്ച്, ബാരിക്കിനെ അതിലിരുത്തി സത്യകം തന്നെയാണ് ഹോസ്പിറ്റലിലെത്തിച്ചത്. പരിശോധനകൾ‍‍ക്കു ശേഷം വീട്ടിൽ തന്നെ തുടരാനാണ് ബാരിക്കിനോട് ഡോക്ടർ നിർദേശിച്ചത്. തുടർന്ന്, സത്യകം പട്നായിക് തന്നെ ബാരിക്കിനെ തിരികെ വീട്ടിലെത്തിച്ചു. ഇതിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

Exit mobile version