ചെന്നൈ: രാജ്ഭവനിലെ മൂന്ന് ജീവനക്കാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിത് ക്വറന്റീനിൽ പ്രവേശിച്ചു. ഡോക്ടർമാരുടെ ഉപദേശപ്രകാരമാണ് ഗവർണർ ക്വറന്റീനിൽ പോയത്.
ഗവർണർ ആരോഗ്യവാനാണെന്നും മുൻകരുതൽ നടപടികളുടെ ഭാഗമായാണ് അദ്ദേഹം ക്വറന്റീനിലേക്ക് പോയതെന്നും രാജ്ഭവൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. രാജ്ഭവനിലെ 38 ജീവനക്കാരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു.
മൂന്നുപേരൊഴികെ 35 പേരുടെയും കോവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു. മൂന്നുപേരെയും ആശുപത്രിയിലേക്ക് മാറ്റിയതായും വാർത്താക്കുറിപ്പിൽ പറയുന്നു. ഗവർണറോട് ഏഴ് ദിവസത്തേക്ക് ക്വറന്റീനിൽ പോകാനാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ഗവർണറെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും രാജ്ഭവൻ അറിയിച്ചു.
തമിഴ്നാട്ടിൽ 6972 പേർക്കാണ് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 2,27,688 ആയി. 57,073 പേർ ഇപ്പോൾ ചികിത്സയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 88 മരണമാണ് റിപ്പോർട്ട് ചെയ്തത്. തമിഴ്നാട്ടിൽ കോവിഡ് ബാധയെ ജീവൻ നഷ്ടപ്പെട്ടവരുടെ ആകെ എണ്ണം 3659 ആയി.