Site icon Ente Koratty

രാജസ്ഥാനില്‍ നിബന്ധനകളോടെ നിയമസഭ സമ്മേളനം വിളിക്കാന്‍ ഗവര്‍ണറുടെ അനുമതി

രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ രാജസ്ഥാനില്‍ നിബന്ധനകളോടെ നിയമസഭ സമ്മേളനം വിളിക്കാന്‍ ഗവര്‍ണറുടെ അനുമതി. വിശ്വാസ വോട്ടെടുപ്പ് നടത്താനാണോ സഭാ സമ്മേളനം, കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സമ്മേളനം നടത്താന്‍ കഴിയുമോ തുടങ്ങിയ ചോദ്യങ്ങളില്‍ മറുപടി നല്കാന്‍ ഗവര്‍ണര്‍ കല്‍രാജ് മിശ്ര മുഖ്യന്ത്രി അശോക് ഗെഹ്ലോട്ടിനോട് ആവശ്യപ്പെട്ടു. അതേസമയം നിയമസഭ സമ്മേളനം വിളിക്കാന്‍ അനുവദിച്ചില്ലെന്ന ആരോപണം അടിസ്ഥാരഹിതാമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.

വിമത എം.എല്‍.എമാര്‍ക്ക് അനുകൂലമായ ഹൈക്കോടതി നിര്‍ദേശത്തിനെതിരെ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി സ്പീക്കര്‍ സി.പി ജോഷി പിന്‍വലിച്ചിരുന്നു. അതേസമയം കോണ്‍ഗ്രസില്‍ ലയിച്ച ആറ് എംഎല്‍എമാര്‍ക്കെതിരെയുള്ള ബിഎസ്പി നീക്കങ്ങള്‍ കോണ്‍ഗ്രസിന് തലവേദനയാവുകയാണ്. രാജസ്ഥാനില്‍‍ സച്ചിന്‍ പൈലറ്റ് വിമത ശബ്ദം ഉയര്‍ത്തിയതിനെ തുടര്‍ന്നുള്ള രാഷ്ട്രീയ നാടകമാണ് തുടരുന്നത്. ബിജെപിയുടെ സമ്മര്‍ദത്തിനു വഴങ്ങിയാണ് ഗവര്‍ണറുടെ നടപടിയെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയിരുന്നു.

സച്ചിന്‍ പൈലറ്റുള്‍പ്പെടെ 19 വിമത എംഎല്‍എമാര്‍ക്കെതിരെ അയോഗ്യത നടപടികള്‍ തടഞ്ഞ ഹൈക്കോടതി നിര്‍ദേശത്തിനെതിരെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സ്പീക്കര്‍ പിന്‍വലിച്ചത്. നിയമ തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സ്പീക്കര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു.നിയമപോരാട്ടത്തിന് പകരം രാഷ്ട്രീയമായി വിഷയത്തെ കൈകാര്യം ചെയ്യണമെന്ന പാര്‍ട്ടിക്കുള്ളിലെ ഭൂരിപക്ഷാഭിപ്രായത്തിന്‍റെ അടിസ്ഥാനത്തിലാണ് സ്പീക്കര്‍ പിന്‍വാങ്ങിയതെന്നാണ് സൂചന.

Exit mobile version