ഇന്ത്യ ഐഡിയാസ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുഖ്യ പ്രഭാഷണം നടത്തും. യുഎസ്-ഇന്ത്യ ബിസിനസ് കൗൺസിലാണ് ഉച്ചകോടിയുടെ സംഘാടകർ. ചൈനയുമായുള്ള വ്യാപാര വാണിജ്യ ബന്ധങ്ങൾ കുറയ്ക്കാൻ ഇന്ത്യ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിൽ വൻ പ്രാധാന്യമാണ് പ്രധാനമന്ത്രിയുടെ ഉച്ചകോടിയിലെ നിലപാടിന് ഉള്ളത്.
ഇന്ത്യ-യുഎസ് സഹകരണം, മഹാമാരിക്കുശേഷമുള്ള ലോകത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ഭാവി തുടങ്ങിയ വിഷയങ്ങളിൽ ഉച്ചകോടിയിൽ ചർച്ചകൾ നടക്കും. കൗൺസിലിന് രൂപം നൽകിയതിന്റെ നാൽപത്തിയഞ്ചാം വാർഷികത്തോടനുബന്ധമായാണ് ഉച്ചകോടി. ‘മികച്ച ഭാവി കെട്ടിപ്പടുക്കുക’ എന്നതാണ് ഈ വർഷത്തെ ഉച്ചകോടിയുടെ പ്രമേയം. വെർച്വൽ ഉച്ചകോടിയിൽ ഇന്ത്യ-യുഎസ് നയതന്ത്രജ്ഞർ, ഉന്നത ഉദ്യോഗസ്ഥർ, വ്യവസായമേഖലയിൽ നിന്ന് സമൂഹത്തിലെ വിവിധതുറകളിൽ നിന്നുമുള്ള ചിന്തകർ തുടങ്ങിയവർ പങ്കെടുക്കും. കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, വിർജീനിയ സെനറ്ററും സെനറ്റ് ഇന്ത്യ കോക്കസിന്റെ സഹ അധ്യക്ഷനുമായ മാർക്ക് വാർണനർ, ഐക്യരാഷ്ട്രസഭയിലെ മുൻ യുഎസ് അംബാസഡർ നിക്കി ഹേലി തുടങ്ങിയവരും സംസാരിക്കും.