Site icon Ente Koratty

കോവിഡിനെതിരായ ധാരാവി മോഡല്‍ മാതൃകാപരം: ലോകാരോഗ്യ സംഘടന

കോവിഡിനെ നേരിടുന്നതില്‍ ധാരാവി മോഡല്‍ മാതൃകാപരമെന്ന് ലോകാരോഗ്യ സംഘടന. പരിശോധന, ഉറവിടം കണ്ടെത്തല്‍, ചികിത്സ എന്നീ കാര്യങ്ങളില്‍ ധാരാവി മികച്ച മാതൃക സൃഷ്ടിച്ചു. ജൂണില്‍ ഹോട്സ്പോട്ടായിരുന്ന ധാരാവിയില്‍ രോഗികളുടെ എണ്ണത്തില്‍ വന്‍കുറവുണ്ടായി. വിയറ്റ്നാം, കംബോഡിയ, തായ്‍ലന്‍ഡ്, ന്യൂസിലാന്‍ഡ്, ഇറ്റലി, സ്പെയിന്‍, തെക്കന്‍ കൊറിയ എന്നിവക്കൊപ്പമാണ് ഡബ്ല്യുഎച്ച്ഒ മേധാവി ധാരാവിയുടെ പേരും പരാമര്‍ശിച്ചത്. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയാണ് മുംബൈയിലെ ധാരാവി.

കൊറോണ വൈറസിനെ തുരത്താന്‍ ധാരാവി നടത്തിയ പ്രയത്നത്തെ അംഗീകരിച്ച ലോകാരോഗ്യ സംഘടനക്ക് മന്ത്രി ആദിത്യ താക്കറെ നന്ദി രേഖപ്പെടുത്തി. സംസ്ഥാന സര്‍ക്കാരിനെയും ബിഎംസി ടീമിനെയും സന്നദ്ധ സംഘടനകളെയും ജനപ്രതിനിധികളെയും ധാരാവി പ്രദേശവാസികളെയും പരാമര്‍ശിച്ചാണ് ആദിത്യ താക്കറെയുടെ ട്വീറ്റ്.

അതേസമയം രാജ്യത്ത് കോവിഡ് ബാധിതർ 8 ലക്ഷവും മരണം 22000വും കടന്നു. 63 ശതമാനമാണ് രോഗമുക്തി നിരക്ക്. മഹാരാഷ്ട്രയും ഗുജറാത്തും അടക്കമുള്ള സംസ്ഥാനങ്ങളിൽ ഉയർന്ന പ്രതിദിന കണക്കാണ് രേഖപ്പെടുത്തിയത്. മഹാരാഷ്ട്രയിൽ ഇന്നലെ 7862 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 226 പേർ കൂടി മരിച്ചതോടെ മരണസംഖ്യ പതിനായിരത്തിനടുത്തെത്തി. തമിഴ്‌നാട്ടിൽ 3680 പേർക്കും ഡൽഹിയിൽ 2089 പേർക്കും 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചു. ഡൽഹിയിൽ 42 മരണവും റിപ്പോർട്ട് ചെയ്തു.

ഗുജറാത്തിൽ 875 കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതർ 40000 കടന്നു. കർണാടകയിലും ആന്ധ്രപ്രദേശിലും രോഗവ്യാപനം രൂക്ഷമാവുകയാണ്. ഉത്തർപ്രദേശ്, ബംഗാളിലെ വിവിധ ഇടങ്ങൾ, പട്ന എന്നിവിടങ്ങളിൽ അടച്ചുപൂട്ടൽ തുടരുകയാണ്.

Exit mobile version