Site icon Ente Koratty

പ്രധാനമന്ത്രിയുടെ ആശുപത്രി സന്ദർശനം; വിവാദം ദുരുദ്ദേശപരമെന്ന് കരസേന

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലഡാക്കിലെ ആശുപത്രി സന്ദർശനത്തിൽ വിശദീകരണമായി കരസേന. പ്രധാനമന്ത്രിയുടെ സന്ദർശനം വിവാദമാക്കുന്നത് ദുരുദ്ദേശപരമാണ്. വിവാദ പരാമർശങ്ങൾ കരസേനയെ അപകീർത്തിപ്പെടുത്തുന്നതിന് തുല്യമാണെന്നും പരുക്കേറ്റ സൈനികരുള്ളത് പ്രത്യേക സജ്ജീകരണങ്ങളുള്ള ആശുപത്രിയിലാണെന്നും കരസേന അധികൃതർ പറഞ്ഞു.

പ്രധാനമന്ത്രിയുടെ സന്ദർശനത്തെ കുറിച്ച് സംശയം ഉന്നയിച്ചത് പ്രതിപക്ഷമാണ്. ചിത്രങ്ങളിൽ കൃത്രിമത്വം ഉണ്ടെന്നും മരുന്നുകളോ ഡ്രിപ്പ് ബോട്ടിലോ മറ്റ് ഉപകരണങ്ങളോ കിടക്കകളുടെ അടുത്ത് ഉണ്ടായിരുന്നില്ലെന്നും പ്രതിപക്ഷം. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി ലെയിലെ സേനയുടെ ആശുപത്രി സന്ദർശിച്ചത്. ആക്രമണത്തില്‍ പരുക്കേറ്റ സെെനികരെ സന്ദര്‍ശിക്കുകയായിരുന്നു പ്രധാനമന്ത്രി.

പ്രധാനമന്ത്രിയുടെ അതിർത്തിയിലെ അപ്രതീക്ഷിത സന്ദർശനം അനുബന്ധിച്ചാണ് ആശുപത്രിയിലും അദ്ദേഹം എത്തിയത്. കോൺഗ്രസ് നേതാവ് അഭിഷേക് ദത്ത് പറഞ്ഞത് ഡോക്ടർമാർക്ക് പകരം ആശുപത്രിയിൽ ഫോട്ടോഗ്രാഫർമാരാണ് പ്രധാനമന്ത്രിക്കൊപ്പം ഉള്ളതെന്നാണ്. ‘ഇത് ഏത് കോണിൽ നിന്നാണ് ഇത് ആശുപത്രി പോലെ തോന്നുന്നത്? കിടക്കയ്ക്ക് അരികിൽ അവിടെ മരുന്നുകളോ, വെള്ളക്കുപ്പികളോ ഇല്ല. ഡോക്ടറിന് പകരം ഫോട്ടോഗ്രാഫർ ആണുള്ളത്. എല്ലാ സൈനികരും ദൈവാദീനത്താൽ ആരോഗ്യവാന്മാരാണ്’ എന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

Exit mobile version