ആഗസ്ത് 15ന് കോവാക്സിൻ പുറത്തിറക്കണമെന്ന് ഐസിഎംആര്‍ നിർദേശം ഉണ്ടെങ്കിലും സാധ്യമായേക്കില്ലെന്ന് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ. മൂന്ന് മാസമെങ്കിലും പരീക്ഷണം പൂർത്തിയാക്കാൻ ആവശ്യമാണെന്ന് വിദഗ്ധർ പറയുന്നു.
“ഇത് വെല്ലുവിളി നിറഞ്ഞതും വിഷമം പിടിച്ചതുമായ ജോലിയാണ്. വാക്സിന് ഫലപ്രദവും സുരക്ഷിതവുമാണെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ഫലം ലഭിച്ചാല്‍ തന്നെ വാക്സിന് ഉടന്‍ വന്‍തോതില്‍ നിര്‍മിക്കുക എന്നത് അടുത്ത വെല്ലുവിളിയാണ്”- എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ പറഞ്ഞു.
നേരത്തെ തന്നെ തിയ്യതി തീരുമാനിച്ച് വാക്സിന് പുറത്തിറക്കുന്നത് പരിഹാസ്യമാണെന്ന് പ്രമുഖ വൈറോളജിസ്റ്റ് ഷഹീദ് ജമീല്‍ പറയുന്നു- “ആഗോള തലത്തില്‍ ശാസ്ത്രലോകം നമ്മളെ നോക്കി ചിരിക്കും. സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. ഇന്ത്യയ്ക്ക് ശാസ്ത്രരംഗത്ത് ഒരുപാട് ചെയ്യാനുണ്ട്. ഇങ്ങനെ പെരുമാറിയാല്‍ നാളെ നല്ലൊരു വാക്സിന് വികസിപ്പിച്ചാലും ആര് നമ്മളെ വിശ്വസിക്കും?”
ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ കോവിഡ് വാക്സിന്റെ ക്ലിനിക്കല്‍ ട്രയലിനായി തെരഞ്ഞെടുക്കപ്പെട്ട 12 ആശുപത്രികള്‍ക്ക് നല്കിയ കത്തിലാണ് ആഗസ്ത് 15 എന്ന തിയ്യതി പരാമര്‍ശിച്ചിരിക്കുന്നത്. ഹൈദരാബാദിലെ ഭാരത് ബയോടെക്ക് ആണ് വാക്സിന് വികസിപ്പിച്ചത്. ജൂണ്‍ 29നാണ് മരുന്ന് പരീക്ഷണത്തിന് അനുമതി ലഭിച്ചത്. ഒന്ന്, രണ്ട് ഘട്ട പരീക്ഷണങ്ങളുടെ ഫലം ഒക്ടോബറോടെയേ അറിയാന്‍ കഴിയൂ എന്നാണ് ഭാരത് ബയോടെക് പറഞ്ഞത്. മൂന്നാം ഘട്ടത്തില്‍ പരീക്ഷണം കൂടുതല്‍ വിപുലീകരിക്കേണ്ടതുണ്ടെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. ഈ ഘട്ടത്തില്‍ കോവിഡ് വാക്സിന് ആഗസ്ത് 15ഓടെയെന്ന ഐസിഎംആര്‍ അവകാശവാദം എങ്ങനെ സാധ്യമാകുമെന്നാണ് വിദഗ്ധര്‍ ചോദിക്കുന്നത്.
അതിനിടെ രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതർ 21,000ലേക്ക് എത്തുകയാണ്. ആകെ രോഗബാധിതർ 6.45 ലക്ഷത്തിലേക്കടുത്തു. രോഗബാധയിൽ മഹാരാഷ്ട്രയും തമിഴ്നാടും വൻ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. 6364 പുതിയ കേസും 198 മരണവുമാണ് മഹാരാഷ്ട്ര പുറത്തുവിട്ട കണക്കിൽ ഉള്ളത്. ഇതിൽ 150 മരണം കഴിഞ്ഞ 48 മണിക്കൂറിലും 48 എണ്ണം നേരത്തെ സംഭവിച്ചതും ആണ്. സംസ്ഥാനത്ത് ആകെ കേസ് 1,92,990ഉം മരണം 8,376ഉം ആയി.
തമിഴ്നാട്ടിൽ 4329 പുതിയ കേസുകളും 64 മരണവും റിപ്പോർട്ട് ചെയ്തു. ആകെ രോഗികൾ ഒരു ലക്ഷം കടന്നു. ഡൽഹിയിൽ 2,520 പുതിയ കേസും 59 മരണവും റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ 10,577 ആർടി പിസിആർ ടെസ്റ്റുകളും 13,588 ആന്റിജൻ ടെസ്റ്റുകളും ഇന്നലെ നടത്തി. കർണാടക, യുപി, തെലങ്കാന സംസ്ഥാനങ്ങളും പ്രതിദിന കണക്കിൽ വർധന രേഖപ്പെടുത്തി. ഡൽഹി ജമാ മസ്ജിദ് ഇന്ന് മുതൽ പ്രാർത്ഥനക്കായി തുറക്കും.