Site icon Ente Koratty

പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്കിലെ ലേയില്‍; സന്ദര്‍ശനം അതിര്‍ത്തി സംഘര്‍ഷത്തിനിടെ

പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്കിലെ ലേ സന്ദര്‍ശിക്കുന്നു. ചീഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്ത്‌, കരസേനാ മേധാവി എം.എം.നരവനെ എന്നിവര്‍ പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്. മുന്‍കൂട്ടി പ്രഖ്യാപിക്കാതെയാണ് പ്രധാനമന്ത്രിയുടെ ലേ സന്ദര്‍ശനം. അതിര്‍ത്തിയില്‍ നടക്കുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് മോദി ഇന്ന് ലേ സന്ദര്‍ശിക്കുന്നത്. അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുകയാണ് സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം എന്നാണ് അറിയുന്നത്.

ലഡാക്കിലെ നിമുവും മോദി സന്ദര്‍ശിക്കുന്നു. കിഴക്കന്‍ ലഡാക്കിലെ 14 കോര്‍പ്‍സ് സൈന്യവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ആര്‍മി, എയര്‍ഫോഴ്സ്, ഐറ്റിബിപി ഉദ്യോഗസ്ഥരുമായി മോദി ചര്‍ച്ച നടത്തുന്നു.

അതിര്‍ത്തിയിലെ സൈനിക വിന്യാസവും ചൈനീസ് സൈനികരുമായുള്ള ചര്‍ച്ചകളുടെ പുരോഗതിയും പ്രധാനമന്ത്രി വിലയിരുത്തും. സംഘര്‍ഷത്തില്‍ പരിക്കേറ്റ് സൈനിക ആശുപത്രിയില്‍ കഴിയുന്ന സൈനികരുമായി പ്രധാനമന്ത്രി സംവദിക്കും. സൈനികരുടെ മനോവീര്യം വര്‍ധിപ്പിക്കാനുള്ള നടപടിയുടെ ഭാഗമായിട്ടാണ് സന്ദര്‍ശനമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്‌. ജൂണ്‍ 15-ന് ലഡാക്കിലുണ്ടായ സംഘര്‍ഷത്തിന് ശേഷം ആദ്യമായിട്ടാണ് മന്ത്രിസഭാ സുരക്ഷാ സമിതിയില്‍ നിന്നൊരംഗം ഇവിടം സന്ദര്‍ശിക്കുന്നത്. ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യുവരിച്ചിരുന്നു.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ലഡാക്ക് സന്ദര്‍ശനം ഒഴിവാക്കിയതിന് പിന്നാലെയാണ് പ്രധാനമന്ത്രി അപ്രതീക്ഷിതമായി അവിടെ എത്തിയിട്ടുള്ളത്.

Exit mobile version