ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ ആദ്യമായി അതും സംഭവിച്ചു. രാജ്യത്ത് ട്രയിനുകൾ കൃത്യസമയം പാലിച്ചു. ജൂലൈ ഒന്നിന് ഓടിയ 201 ട്രയിനുകളാണ് കൃത്യസമയം പാലിച്ച് ചരിത്രം രചിച്ചത്. ബുധനാഴ്ച ഓടിയ എല്ലാ ട്രയിനുകളും കൃത്യസമയം പാലിച്ചതായി ഇന്ത്യൻ റെയിൽവേ അറിയിച്ചു.
റെയിൽവേ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ ആദ്യമായി എല്ലാ ട്രയിനുകളും കൃത്യസമയം പാലിച്ചു. ജൂൺ 23നാണ് ഇതിനു മുമ്പുള്ള ഏറ്റവും മികച്ച സമയം. അന്ന്, 99.54 ശതമാനമായിരുന്നു ട്രയിനുകൾ കൃത്യത പുലർത്തിയത്. ഒരു ട്രയിൻ അന്ന് വൈകിയിരുന്നു. അതാണ്, 100 ശതമാനം നഷ്ടപ്പെടാൻ കാരണമായത്. റെയിൽവേ പ്രസ്താവനയിൽ അറിയിച്ചു.
കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ സ്പെഷ്യൽ ട്രയിനുകൾ മാത്രമാണ് രാജ്യത്ത് സർവീസ് നടത്തുന്നത്. കോവിഡ് 19 വർദ്ധിക്കുന്ന സാഹചര്യത്തിൽ ജൂലൈ ഒന്നുമുതൽ ഓഗസ്റ്റ് 12 വരെ സാധാരണ മെയിലുകൾ, എക്സ്പ്രസ്, പാസഞ്ചർ ട്രയിനുകൾ, സബർബൻ ട്രയിൻ എന്നിവ റദ്ദാക്കിയിരുന്നു.