ചെന്നൈ: ഏറെ പ്രതിഷേധം ഉയർത്തിയിരിക്കുന്ന കസ്റ്റഡി മരണക്കേസുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ എസ് ഐ ഉൾപ്പെടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. ക്രൂര മർദ്ദനത്തിന് നേതൃത്വം നൽകിയെന്ന് കരുതപ്പെടുന്ന സബ് ഇൻസ്പെക്ടർ രഘുഗണേശ് ഉൾപ്പെടെ മൂന്ന് പേരെയാണ് കേസ് അന്വേഷിക്കുന്ന സിബിസിഐഡി കഴിഞ്ഞ ദിവസം രാത്രിയോടെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയ ശേഷമായിരുന്നു അറസ്റ്റ്. ഇവർക്കെതിരെ കൊലപാതകക്കുറ്റം അടക്കം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
തൂത്തുക്കുടി സാത്താങ്കുളം സ്വദേശികളായ ജയരാജ്(59) മകൻ ബെനിക്സ്(31) എന്നിവർ പൊലീസ് കസ്റ്റഡിയിൽ അതിക്രൂര മർദ്ദനമേറ്റ്കൊല്ലപ്പെട്ട സംഭവത്തിൽ സാത്താങ്കുളം പൊലീസ് സ്റ്റേഷനിലെ ആറ് പൊലീസുകാർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂൺ 19നാണ് ജയരാജിനെയും മകൻ ബെനിക്സിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.
ലോക്ക്ഡൗണ്‍ ഇളവ് സമയം കഴിഞ്ഞിട്ടും കടകൾ തുറന്നു എന്ന കാരണത്താലായിരുന്നു നടപടി. ആദ്യം ജയരാജിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്, ഇത് അന്വേഷിച്ച് ചെന്നതോടെയാണ് ബെനിക്സും കസ്റ്റഡയിലാകുന്നത്. തുടർന്ന് ഇരുവരെയും കോവിൽപട്ടി സബ്ജയിലിലേക്ക് മാറ്റിയിരുന്നു. പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവരും മണിക്കൂറുകളുടെ വ്യത്യാസത്തിൽ ജൂൺ 23ന് മരണത്തിന് കീഴടങ്ങി.
രാജ്യത്ത് ഒട്ടാകെ പ്രതിഷേധം ഉയർത്തിയ സംഭവത്തിൽ പല പ്രമുഖരും വിമർശനവുമായെത്തിയിരുന്നു. കേസിന്‍റെ എല്ലാവശങ്ങളും പരിശോധിക്കുമെന്നാണ് അന്വേഷണം നടത്തുന്ന സിബിസിഐഡി അറിയിച്ചിരിക്കുന്നത്. കൂടുതൽ പൊലീസുകാരുടെ അറസ്റ്റും വൈകാതെ ഉണ്ടാകുമെന്നും ഇവർ അറിയിച്ചിട്ടുണ്ട്.