ന്യൂഡൽഹി: കഴിഞ്ഞദിവസമാണ് തിഹാർ ജയിലിൽ നിന്ന് ഞെട്ടിക്കുന്ന ഒരു കൊലപാതക വാർത്ത പുറത്തുവന്നത്. തടവുകാരനെ സഹതടവുകാരൻ കുത്തിക്കൊന്ന വാർത്തയായിരുന്നു അത്. തിങ്കളാഴ്ച ആയിരുന്നു 21 വയസുള്ള സാകിർ 27 വയസുള്ള മൊഹമ്മദ് മെഹ്താബിനെ കുത്തിക്കൊന്നത്. തിഹാർ ജയിൽ നമ്പർ 8/9 ൽ വെച്ച് ആയിരുന്നു കൊലപാതകം.
തന്റെ സഹോദരിയെ ആറുവർഷം മുമ്പ് ബലാത്സംഗം ചെയ്ത മൊഹമ്മദിനോടുള്ള പ്രതികാരമായിരുന്നു സാകിർ ജയിലിൽ വെച്ച് തീർത്തത്. ആദ്യം വാർത്തകളിൽ നിറഞ്ഞതും സാകിറിന്റെ പ്രതികാര കഥ തന്നെ ആയിരുന്നു. പക്ഷേ, പ്രായപൂർത്തിയാകുന്നതിനു വേണ്ടി കാത്തിരുന്ന് ജയിലിൽ കയറാൻ വേണ്ടി മറ്റൊരു കൊലപാതകം നടത്തുകയായിരുന്നു സാകിർ എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.
കഴിഞ്ഞ കുറേ വർഷങ്ങളായി പരസ്പരം അറിയാവുന്നവരാണ് സാകിറും മെഹ്താബും എന്ന് പൊലീസ് പറഞ്ഞു. എന്നാൽ, കുടുംബത്തിന്റെ വിശ്വസ്തനായിരുന്ന മെഹ്താബ് സാകിറിന്റെ സഹോദരിയെ ബലാത്സംഗം ചെയ്തതോടെയാണ് കാര്യങ്ങൾ ഗുരുതരമായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി പിന്നീട് ആത്മഹത്യ ചെയ്യുകയായിരുന്നു.
തുടർന്ന് മെഹ്താബിനോട് പ്രതികാരം ചെയ്യാൻ സാകിർ തീരുമാനിക്കുകയായിരുന്നു. ഇതിനകം മെഹ്താബ് തിഹാർ ജയിലിൽ അടയ്ക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ ജയിലിൽ പ്രവേശിക്കുക എന്നതായി സാകിറിന്റെ ലക്ഷ്യം. തിഹാർ ജയിലിൽ പ്രവേശിക്കുന്നതിനായി മാത്രം സാകിർ മറ്റൊരു കൊലപാതകം നടത്തി. എന്നാൽ, 20 വയസിന് താഴെയായതിനാൽ ജയിലിലെ മറ്റൊരു ഭാഗത്തായിരുന്നു സാകിറിനെ താമസിപ്പിച്ചിരുന്നത്. മെഹ്താബ് വേറൊരു ഭാഗത്തും.
തുടർന്ന് മെഹ്താബിനെ മുഖാമുഖം ലഭിക്കുന്ന ദിവസത്തിനായി സാകിറിന്റെ കാത്തിരിപ്പ്. 21 വയസ് പൂർത്തിയായപ്പോൾ സാകിറിനെയും മെഹ്താബ് തടവിൽ പാർക്കുന്ന ഭാഗത്തിലേക്ക് മാറ്റി. എന്നാൽ, മെഹ്താബ് ഉള്ള വാർഡിൽ അല്ലായിരുന്നു. തുടർന്ന്, സെല്ലിൽ തന്നോടൊപ്പമുള്ള തടവുകാരുമായി സാകിർ നിരന്തരം വഴക്കടിക്കാൻ തുടങ്ങി. തുടർന്ന് മെഹ്താബ് ഉള്ള വാർഡിലേക്ക് അപേക്ഷയെ തുടർന്ന് മാറ്റി.
മെഹ്താബിന്റെ വാർഡിൽ എത്തിയപ്പോൾ തന്നെ തന്റെ കൃത്യം നിർവഹിക്കാൻ സാകിർ പദ്ധതിയിട്ടു. ഇതിനായി രണ്ടു – മൂന്ന് ദിവസം മെഹ്താബിന്റെ രീതികൾ നിരീക്ഷിച്ചു. തുടർന്ന് കൃത്യം നിർവഹിക്കാൻ ഏറ്റവും യോജിച്ച സമയം രാവിലെയാണെന്ന് മനസിലാക്കി.
തിങ്കളാഴ്ച രാവിലെ തിഹാർ ജയിൽ അധികൃതർ പ്രാർത്ഥനയ്ക്കായി തടവുകാരെ വിളിച്ചു. മറ്റു തടവുകാർ പുറത്തേക്ക് പോയപ്പോൾ സാകിർ മെഹ്താബിന്റെ സെല്ലിലേക്ക് പോയി. കിട്ടിയ സമയത്തിൽ മെഹ്താബിന്റെ കഴുത്തിലും വയറിലും മറ്റ് ശരീരഭാഗങ്ങളിലും സാകിർ കുത്തി. തന്റെ സഹോദരിയെ ബലാത്സംഗം ചെയ്തവനോട്, സഹോദരിയുടെ ആത്മഹത്യയ്ക്ക് കാരണമായവനോട് സാകിർ അങ്ങനെ പ്രതികാരം തീർത്തു.
2014ൽ ആയിരുന്നു സാകിറിന്റെ പ്രായപൂർത്തിയാകാത്ത സഹോദരിയെ മെഹ്താബ് ബലാത്സംഗം ചെയ്തത്. ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി പിന്നീട് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് ദീപക് പുരോഹിത് പറഞ്ഞു.