Site icon Ente Koratty

അരക്കോടിയുടെ ആഡംഭര ബൈക്കിൽ ചീഫ് ജസ്റ്റിസ്; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഉന്നത ജുഡീഷ്യറിയിലെ കരുത്തൻ. 64 വയസ്. വേഷം ടീ ഷർട്ടും പാന്റും. കാലിൽ സ്‌നീക്കേഴ്‌സ്. ഇരിക്കുന്നത് അരക്കോടി വിലയുള്ള ആഡംബര ബൈക്കിൽ. സാമൂഹ്യ മാധ്യമങ്ങൾ എസ്.എ. ബോബ്ഡെയുടെ ഈ സൂപ്പർ കൂൾ ചിത്രം ഏറ്റെടുത്തു.

ഇതിനിടെ, ബൈക്കിന്റെ രജിസ്ട്രേഷൻ നമ്പർ കണ്ണിലുടക്കിയവർ ഉടമയെ തിരഞ്ഞു. ദേശീയ പാർട്ടിയുടെ നേതാവിന്റെ മകന്റെ പേരിലാണ് ബൈക്കെന്ന് പ്രചാരണം. അതെങ്ങനെ രാജ്യത്തെ ഒന്നാം നമ്പർ ജുഡീഷ്യൽ ഓഫീസറുടെ പക്കലെത്തി. സംശയങ്ങളുടെ ആക്‌സിലേറ്റർ കുതിച്ചു.

ചീഫ് ജസ്റ്റിസിനോട് അടുത്ത കേന്ദ്രങ്ങൾ പറയുന്നത് ഇങ്ങനെ:

‘നാഗ്പൂരിലാണ് എസ്.എ. ബോബ്ഡെയുടെ വീട്. റിട്ടയർമെന്റിന് ശേഷം ബൈക്ക് വാങ്ങാൻ ഉദ്ദേശിക്കുന്ന വിവരം നാഗ്പൂരിലെ ഷോറൂമിൽ പറഞ്ഞിരുന്നു. ഇതിനിടെ ഷോ റൂമുകാർ ടെസ്റ്റ് ഡ്രൈവിനായി ബൈക്ക് കൊണ്ടുവന്നു. ഒരു ചടങ്ങ് നടക്കുന്ന സ്ഥലത്താണ് ബൈക്ക് എത്തിച്ചത്. ബൈക്ക് ഓടിച്ചു നോക്കിയില്ല. അതിൽ ഇരിക്കുക മാത്രമാണ് ചെയ്തത്. ഏതെങ്കിലും രാഷ്ട്രീയക്കാരന്റെ മകന്റെ ബൈക്ക് ആണോയെന്ന് അറിയില്ല. ഉടമയാരെന്ന് ചീഫ് ജസ്റ്റിസിനും അറിയില്ല.’

ബൈക്കും ക്രിക്കറ്റും എന്നും ആവേശമാണ് എസ്.എ. ബോബ്ഡെയ്ക്ക്. ജഡ്ജിയാകുന്നതിന് മുൻപ് ഒരു ബുള്ളറ്റും ജാവയും സ്വന്തമായുണ്ടായിരുന്നു. ഡൽഹിയിലെ ഔദ്യോഗിക വസതിയിലെ കോമ്പൗണ്ടിൽ ഇദ്ദേഹം ന്യൂ ജനറേഷൻ ബൈക്കുകൾ ഓടിക്കുന്നത് പതിവ് കാഴ്ചയാണ്. വൻഭാരമുള്ള ബൈക്കിൽ നിന്ന് വീണ് ഒരിക്കൽ അപകടം പറ്റുകയും ചെയ്തു. ഈ ബൈക്കുകൾ ഒന്നും സ്വന്തമായിരുന്നില്ല എന്നത് മറ്റൊരു കൗതുകം. റിട്ടയർമെന്റിന് ശേഷം പുതുപുത്തൻ സൂപ്പർ ബൈക്ക് സ്വന്തമാക്കാൻ ശ്രമം തുടരുമ്പോഴാണ് വിവാദം ടോപ് ഗിയറിട്ട് എത്തിയത്. എന്നാലും ഹോബികൾ ഉപേക്ഷിക്കാൻ കഴിയില്ലെന്ന ഉറച്ച നിലപാടിലാണ് ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ !

Exit mobile version