മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണി ക്രിക്കറ്റ് കളി നിർത്തിയോ എന്ന ചോദ്യത്തിന് കുറച്ചധികം പഴക്കമായി. ചോദ്യത്തിനു മൗനം മറുപടിയാക്കിയ ധോണിയും ക്രിക്കറ്റ് നിർത്തിയിട്ടില്ലെന്ന് പ്രതികരിക്കുന്ന ഭാര്യ സാക്ഷി ധോണിയും ഈ ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകുന്നുമില്ല. ഇപ്പോഴിതാ ധോണി കൃഷി തുടങ്ങിയെന്നാണ് പുതിയ വാർത്തകൾ.
ട്വിറ്ററിലാണ് ധോണി കൃഷി ചെയ്യുന്ന വീഡിയോ പ്രചരിക്കുന്നത്. തൻ്റെ കൃഷിയിടം ട്രാക്ടർ ഓടിച്ച് ഉഴുതുമറിക്കുന്ന ധോണിയെയാണ് വീഡിയോയിൽ കാണാനാവുന്നത്. വളരെ വേഗം വൈറലായ വീഡിയോ കണ്ട് ആളുകൾ പഴയ ചോദ്യം വീണ്ടും ചോദിക്കാനും തുടങ്ങിയിട്ടുണ്ട്: ‘ധോണി ക്രിക്കറ്റ് കളി നിർത്തിയോ?’. മുൻപ് ഓർഗാനിക് ഫാമിംഗ് പഠിക്കുന്ന ധോണിയുടെ വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
കഴിഞ്ഞ ജൂലായിൽ ന്യൂസിലൻഡിനെതിരെ നടന്ന ലോകകപ്പ് സെമിഫൈനലിലാണ് ധോണി അവസാനമായി കളിച്ചത്. ക്രിക്കറ്റില്‍ നിന്ന് താത്കാലികമായി അവധിയെടുക്കുന്നു എന്ന് വ്യക്തമാക്കിയാണ് അതിനു ശേഷം ധോണി വിട്ടുനിന്നത്. സൈനിക സേവനത്തിനു പോയ ധോണി പിന്നെ ഒരു മത്സരം പോലും കളിച്ചിട്ടില്ല. ധോണിയെ ഇനി പരിഗണിക്കില്ലെന്ന് സെലക്ടർമാർ വ്യക്തമാക്കിയിരുന്നു. അതേ സമയം, ഐപിഎല്ലിലെ പ്രകടനം പരിഗണിച്ച് ധോണിയെ ടി-20 ടീമിൽ ഉൾപ്പെടുത്തണോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കുമെന്ന് പരിശീലകൻ രവി ശാസ്ത്രി വെളിപ്പെടുത്തിയിരുന്നു.
അതേ സമയം, താൻ ഇന്ത്യൻ ടീമിൻ്റെ മുഖ്യ സെലക്ടർ ആയിരുന്നെങ്കിൽ എംഎസ് ധോണി ടീമിൽ ഉണ്ടാവുമായിരുന്നു എന്ന് മുൻ മുഖ്യ സെലക്ടർ എംഎസ്കെ പ്രസാദ് പറഞ്ഞിരുന്നു. ടി-20 ലോകകപ്പ് ട്രെയിനിംഗ് ക്യാമ്പുണ്ടെങ്കിൽ ഉറപ്പായും ധോണി ക്യാമ്പിൽ ഉണ്ടാവണമെന്നും പ്രസാദ് പറഞ്ഞു.