Site icon Ente Koratty

നാഗാലാന്റിൽ ഭരണപ്രതിസന്ധി; ബിജെപിയിലും പൊട്ടിത്തെറി

നാഗാലാന്റിൽ ഭരണ പ്രതിസന്ധി. ക്രമസമാധാന നില തകരാറിലാകുന്നതിൽ ആശങ്ക മുൻനിർത്തി ഗവർണർ ആർ എൻ രവി മുഖ്യമന്ത്രി നെഫ്യൂ റിയോക്ക് കത്തെഴുതി. സർക്കാർ അതിർത്തി വിഷയങ്ങൾ മോശമായ രീതിയിലാണ് കൈകാര്യം ചെയ്യുന്നതെന്നും ആളുകൾ കൊള്ളയടിക്കപ്പെടുന്നുവെന്നും കത്തിൽ ഗവർണർ.

ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം, നിയമനം എന്നീ കാര്യങ്ങൾ ഇനി തന്റെ അനുമതിയോടെ പാടുള്ളൂവെന്നും നിർദേശം. വേണ്ടി വന്നാൽ ഭരണഘടന അനുച്ഛേദം 371 (എ) പ്രയോഗിക്കും.

മണിപ്പൂരിന് പിന്നാലെയാണ് ബിജെപി ഭരണകക്ഷിയായ നാഗാലാന്റിലും ഭരണപ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. ആയുധധാരികളായ അക്രമികൾ വനഭൂമി കൈയ്യടക്കുന്നു, വനം നശിപ്പിക്കുന്നുവെന്നും കത്തിൽ പറയുന്നു.

അതേസമയം സംസ്ഥാനത്തെ ബിജെപി പാർട്ടി അധ്യക്ഷൻ ടെംജെൻ ഇംന അലോംഗ് ലോംഗ്കുമാറിനെ മാറ്റണമെന്ന് പത്ത് ജില്ലാ പ്രസിഡന്റുമാർ കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഏകപക്ഷീയമായ നടപടികളാണ് മന്ത്രി കൂടിയായ അലോഗ് ലോംഗ്കുമാർ എടുക്കുന്നതെന്നാണ് ആരോപണം. 2018ലാണ് നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി (എൻ.ഡി.പി.പി) ബിജെപിയുമായി ചേർന്ന് സർക്കാർ ഉണ്ടാക്കിയത്. ഗവർണറുടെ കത്തിന് ഔദ്യോഗിക മറുപടി മുഖ്യമന്ത്രി നൽകിയിട്ടില്ല.

Exit mobile version