Site icon Ente Koratty

ഡോ. ജോസഫ് മാർത്തോമ മെത്രാപ്പോലീത്തയ്ക്ക് ഇന്ന് തൊണ്ണൂറാം പിറന്നാൾ; ആഘോഷ പരിപാടികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

മാർത്തോമാ സഭാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ മെത്രാപ്പോലീത്തയ്ക്ക് ഇന്ന് തൊണ്ണൂറാം പിറന്നാൾ. ഒരു വർഷം നീണ്ട് നിൽക്കുന്ന നവതി ആഘോഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കൊവിഡിന്റെ പശ്ചാത്തലത്തിൽ ലളിതമായ രീതിയിലായിരുന്നു ചടങ്ങുകൾ.

മലങ്കരയുടെ നവീകരണ പിതാവ് എന്നറിയപ്പെടുന്ന അബ്രഹാം മൽപ്പാന്റെ കുടുംബമായ പാലക്കുന്നത്ത് തറവാട്ടിൽ 1931 ജൂൺ 27 നായിരുന്നു ഡോ. ജോസഫ് മാർത്തോമ മെത്രാപ്പൊലീത്തയുടെ ജനനം. മത സൗഹാർദവും മാനവ മൈത്രിയും ഊന്നിപറഞ്ഞ തിരുമേനി ജനങ്ങൾക്കിടയിൽ ഏറെ പ്രിയങ്കരനാണ്. സ്വന്തം രാജ്യത്തിനായി സമർപ്പിച്ച ജീവിതമാണ് മെത്രാപ്പൊലീത്തയുടേതെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടന പ്രസംഗത്തിൽ വിശേഷിപ്പിച്ചത്. കൂടാതെ ദേശീയ മൂല്യങ്ങളിൽ അടിയുറച്ചാണ് സഭയുടെ പ്രവർത്തനമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

നന്ദി പ്രസംഗത്തിൽ ലോകം നേരിടുന്ന പ്രശ്‌നങ്ങളെ ഓർത്ത് മെത്രാപ്പൊലീത്ത വിതുമ്പി. മാർ ഫിലിപ്പോസ് ക്രിസോസ്റ്റം ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് സ്ഥാനം ഒഴിഞ്ഞപ്പോഴാണ് ഡോ.ജോസഫ് മാർത്തോമ മെത്രാപ്പൊലീത്ത സഭ അധ്യക്ഷ പദത്തിലെത്തിയത്. വിശ്വാസത്തിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും വിട്ടു വീഴ്ചയില്ലാത്ത നിലപാടെടുത്ത തിരുമേനിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ, മിസോറാം ഗവർണർ പിഎസ് ശ്രീധരൻ പിള്ള രാഷ്ട്രീയ സാമൂഹിക സാമുധായിക രംഗത്തെ പ്രമുഖർ ആശംസ അറിയിച്ചു. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം നടന്ന ചടങ്ങിൽ മത, സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു.

Exit mobile version