Site icon Ente Koratty

ഇന്നും ഇന്ധനവില കൂട്ടി; ഡീസല്‍ വില 19 ദിവസം കൊണ്ട് വര്‍ധിപ്പിച്ചത് 10 രൂപയിലേറെ

ഇന്ധന വില ഇന്നും കൂട്ടി. ഒരു ലിറ്റർ ഡീസലിന് 12 പൈസയും പെട്രോളിന് 16 പൈസയുമാണ് കൂട്ടിയത്. തുടര്‍ച്ചയായ 19ആം ദിവസമാണ് ഇന്ധന വില കൂട്ടുന്നത്. 19 ദിവസം കൊണ്ട് ഒരു ലിറ്റർ ഡീസലിന് 10 രൂപ നാല് പൈസയും പെട്രോളിന് 8 രൂപ 68 പൈസയും വര്‍ധിപ്പിച്ചു.

ക്രൂഡ് ഓയിലിന്റെ വില ഏറ്റവും കുറഞ്ഞ നിലയിലെത്തിയിട്ടും രാജ്യത്ത് ഇന്ധനവില ദിവസേന കൂട്ടുകയാണ് എണ്ണക്കമ്പനികള്‍. ജൂൺ 7 മുതലാണ് എണ്ണക്കമ്പനികള്‍ ഇന്ധനവില കൂട്ടാന്‍ തുടങ്ങിയത്. കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് നികുതി കൂട്ടിയതോടെയാണ് ഇന്ധനവില വര്‍ധിപ്പിക്കേണ്ട സാഹചര്യം ഉണ്ടായതെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം.

ഡല്‍ഹിയില്‍ ആദ്യമായി ഇന്നലെ ഡീസല്‍ വില പെട്രോളിനേക്കാളും ഉയര്‍ന്ന നിരക്കിലെത്തി. പെട്രോള്‍- ഡീസല്‍ നിരക്കുകള്‍ ഏകീകരിക്കുകയാണ് എണ്ണക്കമ്പനികളുടെ ലക്ഷ്യമെന്ന സംശയം വ്യാപകമാണ്. ഇന്ധനവില വര്‍ധനയിലൂടെ സാധാരണക്കാരെ പിഴിയുകയാണ് കേന്ദ്ര സര്‍ക്കാരെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. കോവിഡ് ബാധിതരുടെ വര്‍ധനയും ഇന്ധന വില വർധനവും സൂചിപ്പിക്കുന്ന ഗ്രാഫും രാഹുല്‍ ഗാന്ധി ട്വീറ്റിനൊപ്പം പങ്കുവെച്ചു.

Exit mobile version