അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചത് ഇന്ത്യയാണെന്ന ആരോപണവുമായി ചൈന രംഗത്ത്. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര് റിക് ഗ്രൂപ്പുതല യോഗത്തില്‍ ചൈന അന്തര്‍ദേശീയ നിയമങ്ങള്‍ ലംഘിക്കുന്നുവെന്ന് വ്യംഗ്യമായി പരാമര്‍ശിച്ചതിന് മറുപടിയായാണ് ഈ ആരോപണം. ജൂണ്‍ ആറിന് നടന്ന കമാണ്ടര്‍ തല യോഗത്തില്‍ ഗല്‍വാന്‍ താഴ്വരയില് നിര്‍മ്മിച്ച റോഡുകളും മറ്റും നീക്കം ചെയ്യാമെന്ന് ഇന്ത്യ സമ്മതിച്ചതാണെന്നും എന്നാല്‍ പിന്നീട് നിയന്ത്രണ രേഖ മുറിച്ചുകടന്ന് ആക്രമണം നടത്തുകയായിരുന്നെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.
ജൂണ്‍ 6ന് നടന്ന കമാണ്ടര്‍ തല ചര്‍ച്ചയില്‍ ഗല്‍വാന്‍ താഴ്വര ചൈനയുടേതാണെന്ന് ഇന്ത്യ അംഗീകരിച്ചുവെന്നാണ് ബീജിംഗില്‍ വിദേശകാര്യ വക്താവ് സാവോ ലീജിയാന്‍ പുറത്തിറക്കിയ പുതിയ പ്രസ്താവന അവകാശപ്പെടുന്നത്. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി ഈ മേഖലയില്‍ ചൈനയാണ് പട്രോളിംഗ് നടത്തി വരുന്നത്. ചൈനയുടെ അതിര്‍ത്തിയിലേക്ക് അതിക്രമിച്ചു കടന്ന് ഇന്ത്യയാണ് അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചതെന്നാണ് ലീജിയാന്‍ കുറ്റപ്പെടുത്തിയത്.
ആദ്യം മെയ് 6ന് അതിര്‍ത്തി മറികടന്ന് തമ്പടിച്ച ഇന്ത്യന്‍ സൈനികര്‍ ചൈനയുടെ നയതന്ത്ര ഇടപെടലിനെ തുടര്‍ന്ന് പിന്‍വാങ്ങിയതായും അവര്‍ ചൈനയുടെ അതിര്‍ത്തിക്കുള്ളില്‍ താല്‍ക്കാലികമായി പണിത ഷെഡുകളും മറ്റും നീക്കം ചെയ്തതായും ലീജിയാന്‍ അവകാശപ്പെട്ടു. ഗാല്‍വാന്‍ നദിയുടെ ഇരു കരകളിലുമായി നിരീക്ഷണ ഗോപുരങ്ങള്‍ പണിയാനും അതിക്രമിച്ചു കയറിയ പ്രദേശങ്ങളില്‍ നിന്ന് പിന്‍വാങ്ങാനും കമാണ്ടര്‍ തല ചര്‍ച്ചയില്‍ ധാരണയിലെത്തിയിരുന്നുവെന്നും ലീജിയാന്‍ പറഞ്ഞു. എന്നാല്‍ ഈ ധാരണക്ക് വിരുദ്ധമായി ചൈനയുടെ പക്ഷത്ത് നിര്‍മ്മിച്ച വാച്ച് ടവര്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ സൈനികര്‍ സംഘര്‍ഷത്തിന് തുനിഞ്ഞതായാണ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നത്. ഇതാണ് ജൂണ്‍ 15ന് കനത്ത ആള്‍നാശത്തിന് കാരണമായതെന്നും വിദേശകാര്യ വക്താവ് വിശദീകരിച്ചു.
ജൂണ്‍ 17ന് വിദേശകാര്യ മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയിലും ജൂണ്‍ 6ന്റെ കമാണ്ടര്‍തല യോഗത്തിലെ തീരുമാനങ്ങളുമായി മുന്നോട്ട് പോകാനാണ് ധാരണയിലെത്തിയതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ മണ്ണ് ചൈനക്ക് വിട്ടുകൊടുത്തുവെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് അടിവരയിടുന്നതാണ് ചൈനയുടെ പുതിയ പ്രസ്താവന.