Site icon Ente Koratty

ഞാളെ മനസ്സിൽ തോന്നിയ ഒരു ചെറ്യേ കാര്യമാണ്…….

കടപ്പാട്- ബഷീർ വള്ളിക്കുന്ന്
യു ഡി എഫിനും മാധ്യമ പ്രവർത്തകർക്കും നൽകുന്ന ഒരു ഫ്രീ അഡൈ്വസാണ്, വേണേൽ സ്വീകരിച്ചാൽ മതി..

നിങ്ങൾ മുഖ്യമന്ത്രിയോട് ഓരോ ചോദ്യങ്ങൾ ചോദിക്കും..
അതൊരു അവസരമായി എടുത്ത് മുഖ്യമന്ത്രി മറുപടി പറയും. നിങ്ങൾ ചോദിച്ച ചോദ്യത്തിന് മാത്രമല്ല, പണ്ട് കാലത്ത് ചോദിച്ച ചോദ്യങ്ങൾക്കും വിവാദങ്ങൾക്കുമൊക്കെ അക്കമിട്ട് മറുപടി പറയും. ആളുകൾ മറന്ന് പോയ വിവാദങ്ങൾ വരെ അദ്ദേഹം പൊക്കിക്കൊണ്ട് വന്ന് അതിലെ രാഷ്ട്രീയം കൃത്യമായി പറയും.

ഇന്ന് അദ്ദേഹം ലാവലിനെക്കുറിച്ച് മാത്രമല്ല, അദ്ദേഹത്തിന്റെ ‘കൊട്ടാര’ത്തെക്കുറിച്ചും ഭാര്യ കമലയുടെ ‘പേരിലുണ്ടായിരുന്ന’ വിദേശ കമ്പനിയെക്കുറിച്ചും തുടങ്ങി പല വിവാദങ്ങളെക്കുറിച്ചും വിശദമായി പറഞ്ഞു..
ഇതൊക്കെ അദ്ദേഹം പറയുന്നത് കേരളം ഒന്നടങ്കം ടി വി യുടെ മുന്നിൽ കണ്ണും കാതും കൂർപ്പിച്ചു അദ്ദേഹത്തെ കേൾക്കാൻ കുത്തിയിരിക്കുന്ന ഒരു സമയത്താണ് എന്നോർക്കണം.. ഇതുപോലൊരു പ്രൈം ടൈം വേറൊരു രാഷ്ട്രീയ നേതാവിനും സമീപ കാല ചരിത്രത്തിലൊന്നും കിട്ടിയിട്ടില്ല.. കൊച്ചു കുട്ടികൾ മുതൽ മുത്തശ്ശിമാർ വരെ മുഖ്യമന്ത്രി വരുന്ന സമയമായോ മക്കളേ എന്ന് ചോദിച്ച് കാത്തിരിക്കുന്ന ഒരു സ്ലോട്ടാണിത്.. ദിവസവും ഓരോ മണിക്കൂർ.. മലയാള ടി വി യുടെ ചരിത്രത്തിൽ ഇത്ര ടിആർപി പ്രാധാന്യമുള്ള മറ്റൊരു സ്ലോട്ട് അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല, ഇനി ഉണ്ടാകുമെന്നും തോന്നുന്നില്ല..

ആ ഒരു സുവർണാവസരത്തിലേക്കാണ് നിങ്ങൾ അദ്ദേഹത്തിന് ഒരു ചെറിയ ഇരയിട്ട് കൊടുക്കുന്നത്.. എന്തെങ്കിലുമൊരു പൊട്ടച്ചോദ്യം ചോദിക്കുന്നത്.. അതിൽ കൊത്തി അദ്ദേഹം ആ അവസരം ശരിക്കുമങ് ഉപയോഗപ്പെടുത്തും.. പറയാനുള്ളത് മുഴുവൻ ജനങ്ങളുടെ ഹൃദയത്തിലേക്ക് കടത്തി വിടും.. നിങ്ങൾ ഒരു നൂറ് പത്രസമ്മേളനം നടത്തിയാലും അതിന്റെ പത്തിലൊന്ന് റീച്ച് ഇന്നത്തെ അവസ്ഥയിൽ കിട്ടില്ല..

അപ്പോൾ നിങ്ങൾ ഈ കളിക്കുന്നത് ഒരു തോറ്റ ഗെയിമാണ്..

നിങ്ങൾക്കും മാധ്യമപ്രവർത്തകർക്കും കേരള സംസ്ഥാനത്തിനും ഇപ്പോൾ നല്ലത് കോവിഡ് എന്ന മഹാമാരി എങ്ങിനെ നമുക്ക് ഒരുമിച്ച് മറികടക്കാം എന്ന വിഷയത്തിൽ മാത്രം ചോദ്യങ്ങൾ നിർത്തുകയാണ്.. നിങ്ങൾ അതിനപ്പുറത്തേക്ക് രണ്ടടി പോയാൽ അദ്ദേഹം നാലടിയല്ല, നാല് കിലോമീറ്റർ അപ്പുറത്തേക്ക് പോയി നിങ്ങളുടെ ശവമഞ്ചത്തിൽ ആണികൾ അടിച്ചു കേറ്റിക്കൊണ്ടേ ഇരിക്കും..

അതിനുള്ള അവസരം ഇപ്പോൾ അദ്ദേഹത്തിന് കൊടുക്കാതിരിക്കുന്നതല്ലേ രാഷ്ട്രീയ ബുദ്ധി..

ഞാളെ മനസ്സിൽ തോന്നിയ ഒരു ചെറ്യേ കാര്യമാണ്..സ്‌നേഹം കൊണ്ട് പറയുന്നതാണ്.. വേണേൽ കേട്ടാൽ മതി..

Exit mobile version