Site icon Ente Koratty

പത്തിരി പുരാണം

കണ്ടിട്ടിന്നെൻ ഉള്ളിന്നുള്ളിൽ പൂത്തു നിൽപ്പൂ പ്രേമ മല്ലിപ്പൂ പാടി പാത്രത്തിലാക്കി മുറിച്ച് നിരത്തിയാൽ അനുരാഗഗാനം പോലെ അഴകിന്റെ അല പോലെ ആരു നീ ആരു നീ എന്നൊരു അഭിനവ ഗന്ധർവ്വ നാദം കേൾക്കാം വിട്ടു കൊടുക്കരുത് .അവനവനുള്ളത് മാറ്റി വച്ചിട്ടേ ആടിവാ കാറ്റേ പാടി വാ കാറ്റേ പാടാവൂ .അല്ലേൽ പിന്നെ പൊട്ടിക്കരഞ്ഞു കൊണ്ടോമനേ ഞാനെന്റെ പത്തിരി പങ്കു വയ്ക്കാം എന്നു മാറ്റി പാടേണ്ടി വരും.

തിർന്നില്ല ആരും കാണാത്ത വഴികളിലൂടെ ഡോക്ടർ സണ്ണിക്കൊപ്പം സഞ്ചരിച്ചപ്പോൾ ഒന്നല്ല രണ്ടല്ല ഒരായിരം പത്തിരി കണ്ടൂ സഖാക്കളെ .കണ്ടൂ.

കുനുകുനെ കുഞ്ഞിപ്പത്തിരി, കുളിരു കോരണ മധുരപ്പത്തിരി, കണ്ണു വച്ച പത്തിരി ,മൂളിപ്പാടണ മുട്ടപ്പത്തിരി, അടിപൊളി പൊരിച്ച പത്തിരി ,കൈ പത്തിരി, ഓടിക്കളിയ്ക്കും ഓട്ടു പത്തിരി ,ആ പത്തിരി ഈ പത്തിരി അവിടെ പത്തിരി ഇവിടെ പത്തിരി അങ്ങനെ പത്തിരി ഇങ്ങനെ പത്തിരി ഹോ പത്തി മടക്കി സണ്ണിച്ചൻ. ഓടിയ ഓട്ടം …

തീർന്നില്ല പത്തിരി പുരാണം. മിനു മിനെ മിനുങ്ങണ അരിമാവ് തിളച്ച വെള്ളത്തിൽ താരാട്ടുപാടി പ്രണയച്ചൂടിൽ കുഴച്ചെടുക്കണം. ആനന്ദക്കണ്ണൻ അന്തി നേരത്ത് കാളിയന്റെ ശിരസ്സിലാടിയ ആനന്ദ നർത്തനം അനർഗ്ഗള നിർഗ്ഗളം ആടണം. എന്നു വച്ചാൽ കുഞ്ഞും നാളിൽ കുടിച്ച കുപ്പിപ്പാൽ പുറത്തു വരണമെന്ന് സാരം .ശേഷം ഉരുട്ടി ഉമ്മ വച്ച് ഞെക്കിപ്പരത്തി എണ്ണ കാണാതെ പൊള്ളിച്ചെടുക്കണം.
പത്തിരിപ്പെണ്ണിന്റെ വയറ് 3 മാസം 5 മാസം 9 മാസം പരുവത്തിൽ ആകുമ്പോഴേക്കും ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണിൽ താഴം പൂവാണോ താമര പൂവാണോ എന്ന് നോക്കി താഴെപ്പോവാതെ മറിച്ചിട്ട് ഉണ്ണി വാ വാവോ പാടി പാത്രത്തിലാക്കാം .
കഴിഞ്ഞില്ല ….

ഒളിച്ചിരിക്കാൻ വള്ളിക്കുടിലൊന്ന്
ഒരുക്കി വച്ചാൽ അങ്കവാലനൊന്നിനെ പിടിച്ച് ചട്ടീലാക്കി വറുത്ത തേങ്ങയും തുള്ളിച്ചാടുന്ന ചോന്ന ഉള്ളിക്കുഞ്ഞുങ്ങളേം വെറുതെ കിടന്ന വെള്ളത്തുള്ളീം ചേർത്ത് ചട്ടിയിലെ വെണ്ണ തോൽക്കും ഉടലിൽ ചേർത്ത് സുഗന്ധിയാം വെളിച്ചെണ്ണയിൽ താലിച്ച് കാത്തിരിപ്പൂ കണ്മണീ പാടി ഉറങ്ങാത്ത മനമോടെ ഇരുന്നാൽ നാടൻ കോഴിക്കറിയിൽ മുങ്ങിയ ആനന്ദപ്പത്തിരി അണി വയറു പൊട്ടുവോളം കഴിക്കാം .ഇനി പറയൂ
പത്തിരി ചുട്ടു വിളമ്പി വിളിച്ചത് ആരാണ് ….?ആരെയാണ് ?????

സിമി നസീർ
കോതമംഗലം

Exit mobile version