ഇന്ന് ഒരു ദോശയുടെ കഥ ആയാലോ .ഒരു ദോശക്കഥ. അമ്പിളി വട്ടത്തിൽ ആലോലം പരത്തി മേലെയൊരു തുള്ളി നെയ്യൊഴിച്ച് ആനന്ദ പുളകിതയാക്കി തിരിച്ചിട്ട് പിന്നെ ഒന്ന് മറിച്ചിട്ട് തട്ടിത്തടവി വാരിക്കോരിയെടുത്ത് പാത്രത്തിൽ ആക്കിയ സാദാ ദോശ
മീശക്കാരൻ കേശവൻ ആശിച്ച അതേ ദോശ .ഉഴുന്നും അരിയും ഇന്നലത്തെ മിച്ചച്ചോറും പാട്ടും പാടി അരച്ച് പാത്രത്തിലാക്കി തൊട്ടിലാട്ടി പുതപ്പിച്ചു ഉറക്കി വെളുപ്പിനെ വിളിച്ചുണർത്തി വെളുവെളെ വെള്ളച്ചിരി മിന്നിച്ചിരി ഉപ്പും ചേർത്ത് ശീ ശീ കരയിച്ച് കരിയിച്ച സാദാ ദോശ
പോരെങ്കിൽ ഇത്തിരി വെള്ളുള്ളീം നെട്ടനെ നീളൻ രണ്ടു പച്ചമുളകും ഇക്കിളി കൂട്ടിയ ചോന്നുളളീം
അമ്മിയിൽ ചതച്ച് കായപ്പൊടീം മാവിൽ
ചേർത്ത് ഇളക്കി നല്ലെണ്ണയിൽ മൊരിയിച്ച അട ദോശ
രണ്ടോ മൂന്നോ പിഞ്ചിളം കാരറ്റ് മുഖം നോക്കാതെ കൊത്തി നുറുക്കി മൂലയിൽ ഒളിച്ച സവാളപ്പെണ്ണുങ്ങളെ ചന്നം പിന്നം വെട്ടിക്കീറി പാത്രത്തിലാക്കി നാഗവല്ലി മോഹവല്ലി മല്ലിയില പിച്ചിച്ചീന്തി മേലേ തൂവി പാത്രത്തിൽ ആക്കി ഉപ്പും തിരുമ്മി ആരും കാണാതെ ദോശമാവിൽ ഒളിപ്പിച്ച ആരോഗ്യ ദോശ
മൈലാഞ്ചി കൊമ്പൊടിച്ച് നീട്ടി വലിച്ചരച്ച അമ്മി നന്നായി കഴുകി നാലു വറ്റൽ മുളക് ഒരു പിടി ചുവന്നുള്ളി ഇത്തിരിപ്പുളി ഇക്കിളിപ്പുളിയിൽ ഉപ്പും ചേർത്ത് ചതച്ച് മൈക്കണ്ണിൽ തെറിക്കാതെ ഒതുക്കിക്കൂട്ടി വെളിച്ചെണ്ണ ചാലിച്ചാൽ തൊട്ടു കൂട്ടാൻ വേറെ ഒന്നും വേണ്ടേ വേണ്ട.
അതും പോരെങ്കിൽ പച്ചപ്പനം തത്ത പഞ്ചാരപ്പൂമുത്ത് പാട്ടും പാടിയിരിക്കണ മാവിൻ കൊമ്പിൽ ഉന്നം നോക്കി കല്ലെറിഞ്ഞ് വല്ലപാടും വീഴ്ത്തിയ പച്ചപ്പുളിമാങ്ങ ആരും കാണാതെ എടുത്തോണ്ടോടി തൊലിചെത്തി കറ മാറ്റി ചന്നം പിന്നം കൊത്തിക്കീറി പരുവമാക്കിയതും നാട്ടുവഴിയിലെ മാടക്കടയിൽ നാണിച്ചു മുഖം താഴ്ത്തി നാരായണ ജപിച്ചിരുന്ന മുക്കണ്ണനൊരെണ്ണം കാശിനു വാങ്ങി മണ്ടക്കു. കൊട്ടി രണ്ടാക്കി ചെത്തിപ്പൂളി ചിരിപ്പിച്ചതും ,നാലും കൂട്ടി മുറുക്കി നാണിച്ചു ചുവന്ന നാടുകാണി കാന്താരി നാലോ അഞ്ചോ പറിച്ചെടുത്ത് ഞെട്ടു മാറ്റി കുളിപ്പിച്ച് ഒന്നിച്ച് മിക്സിയിലാക്കി നാളികേരത്തിന്റെ നാട്ടിലെ പാട്ടും പാടി കറക്കി പല്ലവി തീരും മുൻപേ നിറുത്തി ഒന്നിളക്കി നാവിൽ വച്ചാൽ ആഹാ ,
രസം രസം അതിര സം അതോ ഇതോ രസം എന്നാവും ശങ്ക
ഇതൊന്നും ഏശാത്ത കുട്ടിപ്പട്ടാളങ്ങൾക്കാണ് മുട്ട ദോശ . നമ്മുടെ തറവാടി ദോശമാവിനെ ആലോലം അതി ലോലം നീട്ടിപ്പരത്തി സ്വന്തം വീട്ടിലെയോ ആരാന്റെ വീട്ടിലെ യോ അമ്മക്കോഴി ഇട്ട അടിപൊളി മുട്ട അതിന്നു മേലെ പൊട്ടിച്ചൊഴിച്ച് ഉപ്പും കുരുമുളകും തൂവി ‘ഒരിത്തിരി തക്കാളി സോസിൽ ആനന്ദിപ്പിച്ച് നെട്ടനെ നീളൻ കുഴലാക്കി ചുരുട്ടി തട്ടത്തിലാക്കി നീട്ടിപ്പാടി വിളിച്ചാൽ കാണാം ഹർഷ പുളകിത കുഞ്ഞു ഗാത്രങ്ങൾ തിക്കിത്തിരക്കുന്ന നയന മനോഹര സുന്ദര സുരഭില കാഴ്ച്ച .
എന്നിട്ടും തീരുന്നില്ല ദോശമാവെങ്കിൽ ആരുമാരുമറിയാത്തൊരു രഹസ്യം ഞാൻ പറയാം .ഓമനത്തിങ്കൾക്കിടാവിനു വേണ്ടി വാങ്ങിയ നൂഡിൽ പാക്കറ്റ് തട്ടിപ്പൊട്ടിച്ച് തിളച്ച വെള്ളത്തിലിട്ട് നോർത്തി അതിൽ തക്കിട തരികിട തക്കാളിച്ചാറും കുക്കുടു കുടു കുടു കുരുമുളകും വിതറി വിളയിച്ചത് നമ്മുടെ ആലിലക്കണ്ണൻ അടിപൊളി ദോശയിൽ ആലോലം വിതറി അരികും മടക്കി ആർപ്പോ വിളിയോടെ കൊടുത്താൽ
എന്റെ സാറേ
പിന്നെ ഒന്നും
കാണാൻ പറ്റൂല
ഒരുടെ മൊഞ്ചല്ലാതെ
-സിമി-