Site icon Ente Koratty

സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി അന്തരിച്ചു

സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി(സച്ചിദാനന്ദന്‍) അന്തരിച്ചു. തൃശൂർ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ചികിത്സയിലായിരിക്കെയാണ് മരണം. ഇക്കഴിഞ്ഞ ദിവസം സച്ചിക്ക് നടുവിന് രണ്ട് സര്‍ജറികള്‍ നടത്തിയിരുന്നു. സര്‍ജറിക്കായി അനസ്തേഷ്യ നല്‍കിയപ്പോള്‍ ഹൃദയാഘാതം സംഭവിക്കുകയായിരുന്നുവെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ നിന്നുള്ള വിവരം. തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായ സച്ചിയുടെ തലച്ചോർ പ്രതികരിച്ചിരുന്നില്ല. ഹൈപോക്സിക് ബ്രെയിന്‍ ഡാമേജ് (എന്തെങ്കിലും കാരണത്താല്‍ തലച്ചോറിലേക്ക് ഓക്സിജന്‍ എത്താത്ത അവസ്ഥ) സംഭവിച്ചിട്ടുണ്ടെന്നും ജൂബിലി മിഷന്‍ ആശുപത്രി 16ന് പുറത്തിറക്കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. അനസ്ത്യേഷ്യ നല്‍കിയതിലെ പിഴവാണ് ഗുരുതരാവസ്ഥയിലാകാന്‍ കാരണമെന്നും ആരോപണമുണ്ട്.

2007ൽ ചോക്കലേറ്റ് എന്ന സിനിമയിലൂടെ സേതുവിനൊപ്പം തിരക്കഥാകൃത്തായി രംഗപ്രവേശനം ചെയ്ത സച്ചി 2012ൽ റൺ ബേബി റൺ എന്ന ചിത്രത്തിലൂടെ ഒറ്റക്ക് തിരക്കഥ എഴുതാൻ ആരംഭിച്ചു. അനാർക്കലി, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങൾ എഴുതി സംവിധാനം ചെയ്തു. ദിലീപിനെ നായകനായി പുറത്തിറങ്ങിയ രാമലീല, പൃഥിരാജും സുരാജ് വെഞ്ഞാറമൂടും തകര്‍ത്തഭനയിച്ച ഡ്രൈവിംഗ് ലൈസന്‍സ് എന്നീ ചിത്രങ്ങളുടെ തിരക്കഥകള്‍ സച്ചിയുടേതായിരുന്നു. സഹരചയിതാവ് സേതുവിനൊപ്പം അഞ്ച് തിരക്കഥകള്‍ ഒരുക്കിയിട്ടുണ്ട് സച്ചി. സംവിധാനം ചെയ്ത സിനിമകളുടേതുള്‍പ്പെടെ സ്വന്തമായി രചിച്ചത് ഏഴ് തിരക്കഥകളാണ്.

Exit mobile version