Site icon Ente Koratty

‘പൂർവ്വാധികം ശക്തിയായി ബിലാലും, പിള്ളേരും വരും’; ബിലാലിന്‍റെ വരവറിയിച്ച് മനോജ് കെ ജയന്‍

2007ല്‍ അമല്‍ നീരദിന്‍റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായി പുറത്തുവന്ന ചിത്രമാണ് ബിഗ് ബി. തിയേറ്ററുകളില്‍ പ്രതീക്ഷിച്ച വിജയം സ്വന്തമാക്കാന്‍ സാധിക്കാത്ത സിനിമ പിന്നീട് വലിയ രീതിയില്‍ ആരാധകര്‍ ഏറ്റെടുക്കുകയുണ്ടായി. കാലം തെറ്റിവന്ന സിനിമ എന്ന പേരില്‍ നിരന്തരം സിനിമാ ഗ്രൂപ്പുകളില്‍ ചര്‍ച്ചാവിഷയമായ ബിഗ് ബിയുടെ തുടര്‍ച്ച സംവിധായകനായ അമല്‍ നീരദ് ബിലാല്‍ എന്ന പേരില്‍ പ്രഖ്യാപിച്ചിട്ട് നാളേറെയായിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിക്കാനിരിക്കെയാണ് കൊറോണ എല്ലാം തരിപ്പണമാക്കി വരുന്നത്. ചിത്രീകരണം തടസ്സപ്പെട്ട ബിലാല്‍‍ ഉടനെ തന്നെ പുറത്തുവരുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബിഗ് ബിയിലെ ബിലാലിന്‍റെ സഹോദരന്‍ എഡിയായി വേഷമിട്ട മനോജ് കെ ജയന്‍. പൂർവ്വാധികം ശക്തിയോടെ തന്നെ ബിലാലും പിള്ളേരും വരുമെന്നാണ് മനോജ് കെ ജയന്‍ ബിഗ് ബിയുടെ പോസ്റ്റര്‍ പങ്കുവെച്ച് പറയുന്നത്. ലോക്ക് ഡൗണും കൊറോണയും ചിത്രീകരണം വൈകിച്ചതാണെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നു.

ചിത്രത്തിന്‍റെ സംഗീത സംവിധാനം ആരംഭിച്ച കാര്യം ഗോപി സുന്ദര്‍ മുമ്പ് ഫേസ്ബുക്കില്‍ അമല്‍ നീരദുമൊത്തുള്ള ചിത്രം പങ്കുവെച്ച് അറിയിച്ചിരുന്നു. ബിലാലിനായി മമ്മൂട്ടിക്കൊപ്പം ഫഹദ് ഫാസില്‍, ശ്രീനാഥ് ഭാസി എന്നിങ്ങനെ വലിയ താരനിരയാണ് വരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ മംമ്ത മോഹന്‍ദാസും അഭിനയിക്കുന്നുണ്ട്. ചിത്രത്തിനായി തയ്യാറെടുക്കുന്ന കാര്യം ചലച്ചിത്ര നടന്‍ ബാലയും തുറന്നു പറഞ്ഞിരുന്നു. ബിലാലിലെ കഥാപാത്രത്തിനായി വര്‍ക്ക് ഔട്ട് ചെയ്യാന്‍ പരിശീലിക്കുന്നതായിട്ടായിരുന്നു ബാല തുറന്നുപറഞ്ഞത്.

2007 ഏപ്രില്‍ 14നാണ് ബിഗ് ബി റിലീസ് ചെയ്യുന്നത്. മലയാളത്തിലെ എണ്ണം പറഞ്ഞ ഗ്യാങ്സ്റ്റര്‍ ചിത്രങ്ങളില്‍ ഒന്നായ ചിത്രത്തിന്റെ തിരക്കഥ ഉണ്ണി ആറും അമല്‍ നീരദും ചേര്‍ന്നാണ് ഒരുക്കിയത്. മനോജ് കെ ജയന്‍, സുമി നവാല്‍, പശുപതി, വിജയരാഘവന്‍, ഷെര്‍വീര്‍ വകീല്‍, ലെന, മംമ്ത മോഹന്‍ദാസ്, സന്തോഷ് ജോഗി തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. സമീര്‍ താഹിറായിരുന്നു ഛായാഗ്രഹകന്‍.

FacebookTwitterWhatsAppLinkedInShare
Exit mobile version