Site icon Ente Koratty

താരത്തിന്‍റെ സാമ്പത്തികവും വ്യക്തിപരവുമായ വിവരങ്ങൾ അന്വേഷിക്കുമെന്ന് പൊലീസ്

ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട് സാധ്യമായ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് പൊലീസ്. ജീവിതത്തെ അവസാനിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് താരത്തെ നയിച്ച സാമ്പത്തികമോ വ്യക്തിപരമോ ആയ കാരണങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നാകും മുഖ്യമായും പരിശോധിക്കുക. സുഷാന്ത് കഴിഞ്ഞ ആറുമാസത്തോളമായി മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വിഷാദരോഗത്തിന് ചികിത്സ തേടുന്നുണ്ട് എന്നാണ് പൊലീസിനെ ഉദ്ദരിച്ച് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ബാന്ദ്രയിലെ വസതിയിൽ 34കാരനായ സുഷാന്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. ആത്മഹത്യ തന്നെയാണെന്നാണ് പ്രാഥമിക നിഗമനം. ‘മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചിരിക്കുകയാണ്. പ്രഥമദൃഷ്ട്യ ആത്മഹത്യതന്നെയാണെന്നാണ് നിഗമനം. ആത്മഹത്യാകുറിപ്പൊന്നും ഇതുവരെ കണ്ടെടുത്തിട്ടില്ല. അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്തു വരികയാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്ന ശേഷം മാത്രമെ വ്യക്തമായ വിവരങ്ങൾ നൽകാനാകു’ എന്നായിരുന്നു ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പ്രതികരിച്ചത്. വിഷാദ രോഗത്തിന് സുഷാന്ത് ചികിത്സ തേടിയിരുന്ന ഡോക്ടറുടെ മൊഴിയും പൊലീസ് സ്വീകരിക്കുമെന്നാണ് സൂചന.

ബാന്ദ്രയിലെ ഏഴാം നിലയിലെ അപ്പാർട്മെന്‍റിലാണ് സുഷാന്തിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ആ സമയത്ത് വീട്ടിലെ രണ്ട് പാചകക്കാരും ഒരു സഹായിയും സുഷാന്തിന്‍റെ ഒരു സുഹൃത്തുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. രാവിലെ എഴുന്നേൽക്കുന്ന സ്വഭാവമുള്ള ആളാണ് സുഷാന്ത്, രാവിലെ ആറ് മണിയോടെ തന്നെ എഴുന്നേറ്റിരുന്നു. പിന്നീട് ഒൻപതരയോടെ പാചകക്കാരനെ വിളിച്ച് ജ്യൂസ് വാങ്ങിക്കുടിച്ച ശേഷം മുറിയിൽ കയറി വാതിലടയ്ക്കുകയായിരുന്നു.

കുറച്ചു മണിക്കൂറുകൾ കഴിഞ്ഞ് പാചകക്കാരൻ പലതവണ വാതിലിൽ മുട്ടിയെങ്കിലും താരം പ്രതികരിച്ചില്ല.. ഫോണിൽ വിളിച്ചിട്ടും കാര്യമുണ്ടായില്ല. തുടർന്ന് ഇവർ മുംബൈയിൽ തന്നെയുള്ള സുഷാന്തിന്‍റെ സഹോദരയുമായി ബന്ധപ്പെട്ടു. അവരുടെ നിർദേശപ്രകാരം പൂട്ടുകൾ ശരിയാക്കുന്ന ആളെ വിളിച്ചു വരുത്തി വാതിൽ തുറന്നപ്പോഴാണ് തൂങ്ങിയ നിലയിൽ സുഷാന്തിനെ കണ്ടെത്തുന്നത്. വേഗം തന്നെ കുരുക്ക് അറുത്ത ശേഷം ഇവർ പൊലീസിനെയും ഡോക്ടര്‍മാരെയും വിവരമറിയിച്ചു. ഇവരെത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു.

‘സംശയിക്കത്തക്കതായി ഒന്നും വീട്ടിൽ നിന്നും ലഭിച്ചില്ല. അതുകൊണ്ട് തന്നെ മരണത്തിൽ ദുരൂഹത സംശയിക്കുന്നില്ല. ആത്മഹത്യാകുറിപ്പും കണ്ടെടുത്തിട്ടില്ല.. അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. ‘താരത്തിന് സാമ്പത്തികമായോ വ്യക്തിപരമായോ ഏതെങ്കിലും വിധത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടോയെന്ന് പരിശോധിച്ച് വരികയാണ്. അടുപ്പമുള്ള ആളുകളുമായി സംസാരിച്ച ശേഷം മാത്രമെ ഇക്കാര്യത്തിൽ വ്യക്തതവരികയുള്ളു.. അദ്ദേഹത്തിന്‍റെ സഹോദരിമാരെയും അടുത്ത കുടുംബാംഗങ്ങളെയും മറ്റ് സുഹൃത്തുക്കളെയും ചോദ്യം ചെയ്യുന്നുണ്ട്..’പൊലീസ് പറയുന്നു.

സുഷാന്തിന്‍റെ മുൻ മാനേജറായ ദിഷ സുലിയാൻ കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ജീവനൊടുക്കിയിരുന്നു. ഈ രണ്ട് മരണങ്ങളും തമ്മില്‍ ഏതെങ്കിലും വിധത്തിലുള്ള ബന്ധങ്ങൾക്കുള്ള സാധ്യതയുണ്ടോയെന്ന സംശയവും നിലവിൽ പൊലീസ് തള്ളിക്കളഞ്ഞിട്ടുണ്ട്. ‘ ഈ രണ്ടു മരണങ്ങളും തമ്മിൽ ബന്ധമുണ്ടെന്ന് പറയുന്ന തരത്തിൽ ഒരു തെളിവ് പോലും ഇല്ല.. അവരുടെ മരണവുമായി ബന്ധപ്പെട്ട് സുഷാന്തുമായി ബന്ധപ്പെട്ടിട്ടും ഇല്ല. അദ്ദേഹത്തിന്‍റെ കോൾ റെക്കോഡുകളും മരണത്തിലേക്ക് നയിക്കുന്ന തരത്തിൽ അടുത്ത കുറച്ചു ദിവസങ്ങളിലായുള്ള അദ്ദേഹത്തിന്‍റെ മാനസികാവസ്ഥയും പരിശോധിക്കും’ എന്നാണ് പൊലീസ് വ്യക്തമാക്കിയത്.

Exit mobile version