Site icon Ente Koratty

ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത് മരിച്ച നിലയില്‍

ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിനെ മരിച്ച നിലയില്‍ കണ്ടെത്തി. 34 വയസായിരുന്നു മുംബൈ ബാന്ദ്രയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. ലോക്ക്ഡൗണ്‍ സമയത്ത് ഒറ്റയ്ക്കായിരുന്നു താരം വീട്ടില്‍ കഴിഞ്ഞിരുന്നത്. പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.

ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് സുശാന്ത് തന്റെ കരിയറിന് തുടക്കം കുറിച്ചത്. ബോളിവുഡില്‍ കൈ പോ ചെ (2013) എന്ന നാടകചലച്ചിത്രത്തില്‍ രാജ്കുമാര്‍ റാവു, അമിത് സാദ് എന്നിവരോടൊപ്പം മൂന്നു പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായി അഭിനയിച്ചു. ചേതന്‍ ഭഗത്തിന്റെ നോവലായ ദി ത്രീ മിസ്റ്റേക്‌സ് ഓഫ് മൈ ലൈഫ് അടിസ്ഥാനമാക്കിയായിരുന്നു ഈ ചലച്ചിത്രം. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നവാഗത നടനുള്ള അവാര്‍ഡും ലഭിച്ചു.

സുശാന്തിന്റെ രണ്ടാമത്തെ ചലച്ചിത്രമായ ശുദ്ദ് ദേശി റൊമാന്‍സ്, പരിനീതി ചോപ്ര, വാനി കപൂര്‍ എന്നിവരോടൊപ്പമുള്ള ചിത്രമായിരുന്നു. അടുത്ത വേഷം പികെ എന്ന ചിത്രത്തില്‍ ആമിര്‍ ഖാനും, അനുഷ്‌ക ശര്‍മയുമൊപ്പം അഭിനയിക്കാന്‍ സുശാന്തിന് അവസരം ലഭിച്ചു.

2016 ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിത കഥ പറയുന്ന നീരജ് പാണ്ഡെയുടെ എം. എസ്. ധോണി ദി അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന ബോളിവുഡ് ചിത്രത്തില്‍ ധോണിയുടെ വേഷം അവതരിപ്പിച്ചു. 2016 ലെ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന ബോളിവുഡ് ചിത്രങ്ങളില്‍ ഒന്നായി മാറി ഇത്. ചിത്രത്തിന്റെ റിലീസിന് മുമ്പേ തന്നെ വിമര്‍ശകര്‍ അദ്ദേഹത്തിന്റെ പ്രകടനത്തെ പുകഴ്ത്തിയിരുന്നു. . ഈ ചിത്രത്തിലെ അഭിനയത്തിന് ഫിലിം ഫെയര്‍ പുരസ്‌കാരത്തിന് മികച്ച നടനുള്ള ആദ്യത്തെ നോമിനേഷന്‍ സുശാന്ത് സ്വന്തമാക്കി.

Exit mobile version