ഏവരെയും ദുഃഖത്തിലാഴ്ത്തിക്കൊണ്ടായിരുന്നു കന്നഡ താരവും നടി മേഘ്ന രാജിന്റെ ഭര്‍ത്താവുമായ ചിരഞ്ജീവി സര്‍ജയുടെ മരണം. 39 കാരനായ സര്‍ജ ഹൃദയാഘാതം മൂലമാണ് മരണമടഞ്ഞത്. ഇന്നലെയായിരുന്നു സര്‍ജയുടെ സംസ്കാര ചടങ്ങുകള്‍ നടന്നത്. വികാരനിര്‍ഭരമായ യാത്രയയപ്പാണ് കന്നഡ സിനിമാ ലോകം സര്‍ജക്ക് നല്‍കിയത്. മേഘ്നയുടെ സങ്കടം കണ്ടു നിന്നവരെയെല്ലാം കണ്ണീരിലാഴ്ത്തി.
തിങ്കളാഴ്ച ഉച്ചക്ക് ശേഷം ബംഗളൂരുവിലെ സര്‍ജയുടെ സംസ്കാര ചടങ്ങുകള്‍ നടന്നത്. സിനിമാ താരങ്ങളായ കിച്ച സുദീപ്, യഷ് തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യദ്യൂരപ്പ, കുമാരസ്വാമി, ഡി.കെ ശിവകുമാര്‍ എന്നിവരും സര്‍ജയുടെ കുടുംബത്തെ കണ്ട് അനുശോചനമറിയിച്ചിരുന്നു.
മൂന്നു മാസം ഗര്‍ഭിണിയാണ് മേഘ്ന. തങ്ങളുടെ കുഞ്ഞിനെ കാണാന്‍ പോലുമാകാതെയാണ് സര്‍ജ ഈ ലോകത്തില്‍ നിന്നും വിട പറയുന്നത്. പൊട്ടിക്കരഞ്ഞുകൊണ്ടാണ് മേഘ്ന സര്‍ജക്ക് വിട ചൊല്ലിയത്. സര്‍ജയുടെ മൃതദേഹത്തെ കെട്ടിപ്പിടിച്ച് മേഘ്ന കരയുന്നത് ബന്ധുക്കളെയെല്ലാം കരയിപ്പിച്ചു. തമിഴ് സൂപ്പര്‍താരം അര്‍ജ്ജുന്റെ സഹോദരീപുത്രന് കൂടി സര്‍ജ. കന്നഡ സിനിമയിൽ ഇരുപതോളം ചിത്രങ്ങളിൽ അഭിനയിച്ച താരമാണ് ചിരഞ്ജീവി സർജ.
യക്ഷിയും ഞാനും, മെമ്മറീസ്, ബ്യൂട്ടിഫുള്‍ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് മേഘ്ന. രണ്ടു വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. പ്രണയവിവാഹമായിരുന്നു.