സിനിമകളുടെ ഓൺലൈൻ റിലീസിനെ എതിര്‍ത്ത് മലയാള സിനിമാ നിര്‍മ്മാതാക്കൾ. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നടത്തിയ കണക്കെടുപ്പിൽ ഒ.ടി.ടി. റിലീസിന് താൽപര്യം പ്രകടിപ്പിച്ചത് രണ്ട് ലോ ബഡ്ജറ്റ് സിനിമകളുടെ നിര്‍മ്മാതാക്കള്‍ മാത്രമാണ്.
66 നിർമ്മാതാക്കളിൽ നിന്നായിരുന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഓൺലൈൻ റിലീസിനെക്കുറിച്ചുള്ള അഭിപ്രായം തേടിയത്. ഇവരിൽ 48 പേരാണ് ഇതുവരെ മറുപടി നൽകി. ഭൂരിഭാഗം പേരും താല്പര്യം അറിയിച്ചത് സിനിമകൾ തിയേറ്ററിൽ റിലീസ് ചെയ്യാനാണ്. 2 ലോ ബഡ്ജറ്റ് ചിത്രങ്ങൾ മാത്രമാണ് ഓൺലൈൻ റിലീസിന് താല്പര്യം പ്രകടിപ്പിച്ചു കൊണ്ട് മറുപടി നൽകിയത്. ഇനി 19 സിനിമ നിർമ്മാതാക്കൾ കൂടി മറുപടി അറിയിക്കാനുണ്ട്.
നിലവിലെ തീരുമാനങ്ങൾ നിർമ്മാതാക്കളുടെ സംഘടന ഫിലിം ചേംബറിനെയും തീയേറ്റർ ഉടമകളേയും അറിയിക്കും. കൂടുതൽ നിർമ്മാതാക്കൾ തിയേറ്റർ റീലിസിനെ അനുകൂലിച്ചതോടെ തിയേറ്റർ ഉടമകളും നിർമാതാക്കളും തമ്മിലുള്ള തർക്കം സമവായത്തിലേക്കുന്നു നീങ്ങുന്നുവെന്നാണ് വിലയിരുത്തൽ. ലോക്ക്ഡൗണിനെത്തുടര്‍ന്ന് തിയേറ്ററുകള്‍ അടച്ചതോടെ വിജയ് ബാബു നിര്‍മ്മിച്ച സോഫിയും സുജാതയും ചിത്രം ഓൺലൈൻ റിലീസിന് ഒരുങ്ങിയതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
കഴിഞ്ഞ ദിവസം നടൻ സൂര്യ നിർമ്മിച്ച് ജ്യോതിക അഭിനയിച്ച പൊൻമഗൾ വന്താൽ എന്ന ചിത്രം ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്തിരുന്നു. അക്ഷയ് കുമാർ നായകനായ ലക്ഷ്മി ബോംബ് എന്ന ചിത്രം 125 കോടി രൂപ നൽകിയാണ് ഡിസ്നി ഹോട്ട്സ്റ്റാർ സ്വന്തമാക്കിയത്. രാഘവ ലോറന്‍സ് കേന്ദ്ര കഥാപാത്രമായി അഭിനയിച്ച്, അദ്ദേഹം തന്നെ സംവിധാനം ചെയ്ത കാഞ്ചന എന്ന തമിഴ് ഹൊറർ ചിത്രത്തിൻ്റെ ഹിന്ദി റീമേക്ക് ആണ് ലക്ഷ്മി ബോംബ്. രാഘവ ലോറൻസ് തന്നെയാണ് ലക്ഷ്മി ബോംബും സംവിധാനം ചെയ്യുന്നത്. അദ്ദേഹത്തിൻ്റെ ബോളിവുഡ് അരങ്ങേറ്റമാണിത്.