ജോർദാനിൽ ‘ആടുജീവിതം’ ഷൂട്ടിംഗ് പൂർത്തിയാക്കി തിരികെയെത്തിയ അണിയറപ്രവർത്തകർ ക്വാറന്റീനിലാണ്. നടൻ പൃഥ്വിരാജ് വീട്ടിലേക്ക് മടങ്ങാതെ ഫോർട്ട് കൊച്ചിയിലാണ് കഴിയുന്നത്. പതിനാലു ദിവസത്തെ ക്വാറന്റീനിൽ ഏഴുദിവസം പൃഥ്വിരാജ് പൂർത്തിയാക്കി. ഇനിയുള്ള ഏഴുദിവസം വീട്ടിലാണ് ക്വാറന്റീൻ തുടരുക.
‘ഏഴ് ദിവസത്തെ എന്റെ ഇൻസ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീൻ ഇന്ന് അവസാനിക്കും. അടുത്ത ഏഴ് ദിവസം ഹോം ക്വാറന്റീനിലാണ്’. താമസിച്ച ഹോട്ടലിൽ ആതിഥ്യമര്യാദയ്ക്കും പരിചരണത്തിനുമായി മികച്ച പരിശീലനം ലഭിച്ചിട്ടുള്ള ജീവനക്കാർക്കും പൃഥ്വിരാജ് നന്ദി പറയുന്നു.
ക്വാറന്റീനിൽ പോകുന്നവർ ഇനിയും സുരക്ഷിതമായി തന്നെ മാർഗനിർദേശങ്ങൾ അനുസരിക്കണമെന്നും പൃഥ്വിരാജ് മുന്നറിയിപ്പ് നൽകുന്നു. എല്ലാ ചട്ടങ്ങളും കർശനമായി പാലിക്കുമെന്ന് താരം ഉറപ്പും നൽകുന്നു.
അതേസമയം, രണ്ടര മാസത്തിന് ശേഷം പൃഥ്വിരാജ് വീട്ടിലേക്കെത്തുന്ന സന്തോഷത്തിലാണ് ഭാര്യ സുപ്രിയയും മകൾ അലംകൃതയും.