Site icon Ente Koratty

അറുപതിൻ്റെ നിറവിൽ – മോഹൻലാൽ എന്ന വിസ്മയം!

ദേവദാസ് കടയ്ക്കവട്ടം

മലയാളിയുടെ നിത്യജീവിതത്തിലും അവൻ്റെ ബോധമണ്ഡലത്തിലും മോഹൻലാലിനെപ്പോലെ സ്വാധീനം ചെലുത്തിയ ഒരു നടനും സിനിമാലോകത്തുണ്ടാവുകയില്ല.’ തിരനോട്ട’ത്തിലൂടെ സിനിമാ പ്രവേശം നടത്തി മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ നിറസൗരഭം പരത്തി പ്രേക്ഷക ഹൃദയങ്ങളിൽ അടർത്തിമാറ്റാനാവാത്ത വിധം ഇഴുകിച്ചേർന്ന അന്യാദൃശപ്രതിഭ ! അതാണ് മോഹൻലാൽ..

1978-ൽ തുടങ്ങിയ ആ ജൈത്രയാത്ര ഇന്നും സമാനതകളില്ലാതെ, പകരം വയ്ക്കാനാവാത്ത ശക്തിപ്രവാഹമായി തുടരുക തന്നെയാണ്.. ഈ അറുപതിൻ്റെ നിറവിലും ആ പ്രവാഹത്തിൻ്റെ ശക്തി ഒട്ടും കുറഞ്ഞിട്ടില്ല .. തെളിച്ചം കൂടിയെന്നല്ലാതെ .. ആ മഹാപ്രതിഭയ്ക്ക് ഹൃദയപൂർവ്വം പിറന്നാൾ മംഗളങ്ങൾ നേരുന്നു…

നീണ്ട 42 കൊല്ലമായി ആരാധക മനസ്സുകളിൽ പുളകങ്ങൾ സൃഷ്ടിച്ച് കൊണ്ട് സ്വന്തം കഴിവുകൊണ്ടും പ്രയത്നം കൊണ്ടും പർവ്വതാകാരമായി നിൽക്കുന്ന ഈ അഭിനയസാമ്രാട്ടിന് ഇന്ന് 60 തികയുന്നു.6 – ആം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂൾ യുവജനോത്സവത്തിൽ 60കാരൻ്റെ വേഷമണിയാൻ ചങ്കൂറ്റം കാണിച്ച ഈ നടൻ്റെ ഏറ്റവും വലിയ ഗുണമായി കണക്കാക്കുന്നത് അഭിനയത്തോടുള്ള അദ്ദേഹത്തിൻ്റെ അർപ്പണബോധമാണ്.

താൻ ഏറ്റെടുക്കുന്ന കഥാപാത്രത്തിൻ്റെ സവിശേഷതകൾ സൂക്ഷ്മമായി പഠിക്കുന്നതിന് ഏതറ്റം വരെ പോകാനും അദ്ദേഹം എപ്പോഴും തയ്യാറായിരുന്നുവത്രേ! അത് കൊണ്ട് തന്നെ താൻ അവതരിപ്പിക്കുന്ന കഥാപാത്ര ത്തോട് 100 % നീതി പുലർത്താനും അദ്ദേഹത്തിന് കഴിഞ്ഞു,
ജാടകളില്ലാത്ത നടൻ, ഫ്ലെക്സിബിൾ, അർപ്പണബോധത്തിൻ്റെ പ്രതീകം എന്നിങ്ങനെ, അനേകം വിശേഷണങ്ങൾ അദ്ദേഹത്തിനുണ്ട്.

ഒരു നല്ല നടൻ എന്നതിലുപരി അദ്ദേഹം നല്ല ഒരു മനസ്സിൻ്റേയും ഉടമയാണ്.കൂടാതെ നല്ല ഗായകൻ എന്ന നിലയിലും ശോഭിക്കുന്നു.
ഇതിനെല്ലാം പുറമേ, മോഹൻലാൽ എന്ന നടൻ മലയാളിക്ക് സമ്മാനിച്ച ഒരു പാട് പ്രത്യേകതകളുണ്ട്. അദ്ദേഹത്തിൻ്റെ നടത്തത്തിൻ്റെ ശൈലി, ഡയലോഗവതരണം, തുടങ്ങിയ പ്രത്യേകതകൾ ‘ലാലിസം’ എന്ന സംസ്കാരം തന്നെ മലയാളിക്ക് സമ്മാനിച്ചു.

“അനായാസേന മരണം, അനായാസേന ജീവിതം ദേഹി മേ കൃപയാ ശംഭോ ” എന്നിങ്ങനെ, ജീവിതത്തെ യഥാർത്ഥ്യബോധത്തോടെ കാണേണ്ട തത്വ ബോധങ്ങളെ സമൂഹ മനസ്സിലേക്ക് സംക്രമിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. “ഞാൻ ഇവിടെയൊക്കെ കാണും, ” “സവാരി ഗിരിഗിരി “, “നീ പോ മോനെ ദിനേശാ ”, ”വഴിമാറടാ മുണ്ടയ്ക്കൽ ശേഖരാ “, “വൈകിട്ടെന്താ പരിപാടി “?, തുടങ്ങി എത്രയെത്ര പ്രയോഗങ്ങളാണ് മോഹൻലാൽ മലയാളിയുടെ നിത്യഭാഷാ വ്യവഹാരത്തിലേക്ക് സമ്മാനിച്ചത് !?

https://www.youtube.com/watch?v=DYKM4hEZ9jQ
Exit mobile version