Site icon Ente Koratty

ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു

പ്രമുഖ ബോളിവുഡ് താരം ഇർഫാൻ ഖാൻ അന്തരിച്ചു. വൻ കുടലിലെ അണുബാധയെ തുടർന്ന് മുംബെെയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു താരം. 54 വയസ്സായിരുന്നു.

അർബുദ ബാധിതനായിരുന്ന ഇർഫാൻ ഖാൻ കുറേ കാലങ്ങളായി യു.കെയില്‍ ചികിത്സയിലായിരുന്നു. വിദേശത്ത് നിന്ന് തിരിച്ചെത്തിയെങ്കിലും വീണ്ടും രോഗം മൂർച്ചിക്കുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് രണ്ട് ദിവസം മുൻപാണ് താരത്തെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. അവസാന നിമിഷം ഭാര്യയും മക്കളും കൂടെയുണ്ടായിരുന്നു.

കഴിഞ്ഞ ദിവസമാണ് ഇര്‍ഫാന്‍ ഖാന്‍റെ മാതാവ് സയ്യിദ ബീഗം അന്തരിച്ചത്. ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തിൽ നാടായ ജയ്പൂരിൽ എത്താൻ താരത്തിന് സാധിച്ചിരുന്നില്ല. അസുഖബാധയെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി പൊതുഇടങ്ങളില്‍ നിന്ന് അകന്ന് കഴിയുകയായിരുന്നു താരം. ഇതിനിടെ ആരോഗ്യം വീണ്ടെടുത്ത താരം അവസാനമിറങ്ങിയ അംഗ്രേസി മീഡിയം പൂര്‍ത്തീകരിച്ചിരുന്നു.

മുപ്പതു വർഷമായി സിനിമയിൽ സജീവമായിരുന്ന ഇര്‍ഫാന്‍ ഖാന്‍, ശ്രദ്ധേയമായ അഭിനയ മികവിനാല്‍ ബോളിവുഡിന് പുറമെ ഹോളിവുഡിലും സുപരിചതനായിരുന്നു. 1988ൽ സലാം ബോംബെ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാ ജീവിതത്തിലേക്ക് എത്തുന്നത്.

രാജസ്ഥാനിലെ ബീഗം ഖാൻ – ജഗീദർ ഖാൻ ദമ്പതികളുടെ മകനായി 1966 ലാണ് ഇർഫാൻ ഖാൻ ജനിച്ചത്. ബിരുദം പൂർത്തിയാക്കിയതിന് ശേഷം അഭിനയ മേഖലയിലേക്ക് കടന്ന ഇര്‍ഫാന്‍ ഖാന്‍ നാഷ്ണൽ സ്കൂൾ ഓഫ്
ഡ്രാമയിൽ ചേർന്നു.

ഓസ്ക്കാര്‍ ചിത്രങ്ങളായ സ്ലം ഡോഗ് മില്യണയർ, ലെെഫ് ഓഫ് പെെ എന്നിവയിലും അമെെസിംങ് സ്പെെഡർമാൻ, ദ നെയിം സേക്ക്, ന്യൂയോർക്ക് ഐ ലവ്യൂ, ജുറാസിക് വേൾഡ്, ഇൻഫേർനോ, എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

2011 ൽ പാൻസിങ് എന്ന സിനിമയിലെ അഭിനയത്തിന് ദേശീയ അവാർഡ് ലഭിച്ചു. ലഞ്ച് ബോക്സ്‌ സിനിമയിലെ അഭിനയത്തിനു ബാഫ്റ്റ അവാർഡിന് നാമ നിർദേശം ചെയ്യപ്പെട്ടിരുന്നു. കലാരംഗത്തെ സമഗ്ര സംഭാവനക്ക് 2011ല്‍ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചു.

Exit mobile version