Site icon Ente Koratty

ബിലാല്‍ അല്ല, വരുന്നത് ഭീഷ്മ; അമല്‍ നീരദ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

മമ്മൂട്ടി-അമല്‍ നീരദ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ‘ഭീഷ്മ പര്‍വ്വം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നീണ്ട മുടിയും താടിയുമായി മാസ്സ് ലുക്കിലാണ് മമ്മൂട്ടി എത്തുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് മമ്മൂട്ടി താടിയും മുടിയും നീട്ടിയത് പുതിയ ചിത്രത്തിന് വേണ്ടിയാണെന്ന് ആരാധകര്‍ക്കിടയില്‍ അടക്കംപറച്ചിലുകളുണ്ടായിരുന്നെങ്കിലും ഏതെന്ന് വ്യക്തമായിരുന്നില്ല. പല പേരുകളും ആരാധകര്‍ പ്രചരിപ്പിച്ചിരുന്നു.

ബ്ലാക്ക് ഫുള്‍ സ്ലീവ് ഷര്‍ട്ടും കളര്‍ മുണ്ടുമാണ് ഫസ്റ്റ് ലുക്കില്‍ കഥാപാത്രത്തിന്‍റെ വേഷം. ഒരു അമല്‍ നീരദ് ചിത്രം എന്നതല്ലാതെ പോസ്റ്ററില്‍ കൂടുതല്‍ വിവരങ്ങളില്ല. വരും ദിവസങ്ങളിലെ ചിത്രത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവരൂ. ലോക്ക് ഡൗണ്‍ കാലത്തെ താടിയും മുടിയും നീട്ടിയ മമ്മൂട്ടിയുടെ ലുക്ക് പലകുറി സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ ദിവസം അമ്മയുടെ ആസ്ഥാന മന്ദിരത്തിന്‍റെ ഉദ്ഘാടനത്തിനെത്തിയപ്പോഴും മമ്മൂട്ടി തന്നെയായിരുന്നു ശ്രദ്ധാകേന്ദ്രം.

മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് നേരത്തെ പ്രഖ്യാപിച്ചിരുന്ന ബിഗ് ബിയുടെ തുടര്‍ച്ചയായ ‘ബിലാല്‍’ കഴിഞ്ഞ വര്‍ഷം ചിത്രീകരണം നടക്കേണ്ടതായിരുന്നു. എന്നാല്‍ ലോക്ക് ഡൗണ്‍ കാരണം മാറ്റിവെക്കേണ്ടിവന്നു. കോവിഡ് പശ്ചാത്തലം പൂര്‍ണ്ണമായും ഒഴിവാകാത്ത സാഹചര്യത്തില്‍ വലിയ താരനിരയും വന്‍ കാന്‍വാസുമൊക്കെയുള്ള ഒരു ചിത്രം ഉടന്‍ വേണ്ട എന്ന തീരുമാനത്തെതുടര്‍ന്നാണ് മറ്റൊരു ചിത്രത്തിലേക്ക് എത്തിയത്.

Exit mobile version