ബംഗാളി ചലചിത്ര പ്രതിഭ സൗമിത്ര ചാറ്റർജി അന്തരിച്ചു. 85 വയസായിരുന്നു. വാർദ്ധക്യകാല അസുഖങ്ങളെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.
കൊവിഡ് ബാധയെ തുടർന്ന് ഒക്ടോബർ ആറിനാണ് സൗമിത്ര ചാറ്റർജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ആരോഗ്യനില വഷളാകുകയും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് കൊവിഡ് നെഗറ്റീവ് ആയി. ഇതിനിടെ അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വൈകാതെ അദ്ദേഹത്തിന്റെ നില വീണ്ടും വഷളാകുകയായിരുന്നു.
സത്യജിത്ത് റേ സംവിധാനം ചെയ്ത ചിത്രങ്ങളിലൂടെയാണ് സൗമിത്ര ചാറ്റർജി ശ്രദ്ധേയനായത്. സത്യജിത്ത് റേ സംവിധാനം ചെയ്ത ലോകോത്തര സിനിമകളിൽ അദ്ദേഹം മികച്ച വേഷം ചെയ്തു. റേയുടെ പതിനാലോളം ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടു. മികച്ച നടനുള്ള ദേശീയ പുരസ്കാരം മൂന്ന് തവണ നേടി. ദാദാസാഹിബ് ഫാൽക്കേ പുരസ്കാരവും പത്മഭൂഷണും നേടിയിട്ടുണ്ട്.