ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രശസ്ത പിന്നണി ഗായകന് വിജയ് യേശുദാസ്. അവഗണന സഹിക്കാനാവുന്നില്ലെന്നും മലയാള സിനിമയില്‍ ഇനി പാടില്ലെന്നും അറിയിച്ചിരിക്കുകയാണ് വിജയ്. വനിത മാഗസിന് നല്കിയ അഭിമുഖത്തിലാണ് വിജയ് തന്റെ തീരുമാനം വ്യക്തമാക്കിയത്.
മലയാളത്തിൽ സംഗീത സംവിധായകർക്കും പിന്നണി ഗായകർക്കുമൊന്നും അർഹിക്കുന്ന വില കിട്ടുന്നില്ല. തമിഴിലും തെലുങ്കിലുമൊന്നും ഈ പ്രശ്നമില്ല. ആ അവഗണന മടുത്തിട്ടാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്.– വിജയ് പറയുന്നു. പിതാവ് യേശുദാസിനടക്കം സംഗീത ലോകത്ത് നേരിട്ട ദുരനുഭവങ്ങളും അദ്ദേഹം അഭിമുഖത്തിൽ വെളിപ്പെടുത്തുന്നുണ്ട്.
മലയാള സിനിമയിലെ മാത്രമല്ല തെന്നിന്ത്യയിലെ മികച്ച ഗായകരിലൊരാളാണ് ഗാനഗന്ധര്വ്വന് യേശുദാസിന്റെ മകന് കൂടിയായ വിജയ് യേശുദാസ്. എട്ടാം വയസില്‍ സിനിമയില്‍ പിന്നണി പാടിയ വിജയ് യേശുദാസ് മില്ലേനിയം സ്റ്റാര്‍സ് എന്ന ചിത്രത്തിലൂടെ യേശുദാസിനും ഹരിഹരനുമൊപ്പം പാടിക്കൊണ്ടാണ് രണ്ടാം വരവ് നടത്തുന്നത്. ഒരു ചിരി കണ്ടാല്‍, എന്തു പറഞ്ഞാലും തുടങ്ങിയ പാട്ടുകളിലൂടെ വിജയ് ശ്രദ്ധേയനായി. പിന്നീടങ്ങോട്ട് വിജയ് യേശുദാസിന്റെ കാലമായിരുന്നു. ഹിന്ദി, തമിഴ്, കന്നഡ, തുളു, ബംഗാളി, തെലുങ്ക് വിജയ് പാടി. മികച്ച പിന്നണി ഗായകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം മൂന്നു തവണ വിജയ് നേടിയിട്ടുണ്ട്. വിജയ് 2018ല്‍ പാടിയ ജോസഫിലെ പൂമുത്തോളെ എന്ന ഗാനം ഇപ്പോഴും ഹിറ്റാണ്.