Site icon Ente Koratty

ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ജോര്‍ജുകുട്ടിക്കും കുടുംബത്തിനുമൊപ്പം ജിത്തു ജോസഫ്

കുടുംബചിത്രത്തിന്‍റെ പശ്ചാത്തലത്തില്‍ ദൃശ്യം എന്ന ക്രൈം ത്രില്ലര്‍ പുറത്തിറങ്ങിയിട്ട് ആറുവര്‍ഷം കഴിഞ്ഞിരിക്കുന്നു. ഈ അടുത്താണ് ദൃശ്യം 2 വിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചത്. ചിത്രത്തിലെ കഥാപാത്രങ്ങളായ ജോർജുകുട്ടിയും കുടുംബവും വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ്.

ഒന്നാം ഭാഗത്തിലെ താരങ്ങൾ തന്നെയാണ് രണ്ടാംഭാഗത്തിലും ഉള്ളത്. ജോർജുകുട്ടിക്കും കുടുംബത്തിനുമൊപ്പമുള്ള ഒരു ചിത്രം തന്‍റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയും ഇന്‍സ്റ്റഗ്രാം അക്കൌണ്ടുകളിലൂടെയും പങ്കുവച്ചിരിക്കുകയാണ് സംവിധായകനായ ജീത്തു ജോസഫ്. ‘ജോർജുകുട്ടിയ്ക്കും കുടുംബത്തിനുമൊപ്പം ആറ് വർഷങ്ങൾക്ക് ശേഷം എന്ന് അടിക്കുറിപ്പോ‌ടെയാണ് സംവിധായകൻ ചിത്രം പങ്കുവച്ചിരിക്കുന്നത്.

ഫോട്ടോയില്‍ ജോര്‍ജുകുട്ടിയായ മോഹന്‍ലാലിനും മീനയ്ക്കുമൊപ്പം മക്കളായ അന്‍സിബയും എസ്തറുമുണ്ട്. കൂടെ സിദ്ദീഖ്, ആശാ ശരത്ത്, സായ് കുമാര്‍, മുരളി ഗോപി, സുമേഷ്, അഞ്ജലി നായര്‍, ആദം അയൂബ് എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു.

കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചു കൊണ്ടാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലായാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ്. ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് ദൃശ്യം 2 നിർമിക്കുന്നത്.

Exit mobile version