Site icon Ente Koratty

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റ‌ി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ഹർജി പരി​ഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. ഹർജിയിൽ വിശദീകരണം നൽകാൻ കോടതി ദിലീപിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിൽ വിസ്താരത്തിനായി നടനും എം.എൽ.എയുമായ മുകേഷും കോടതിയിൽ ഹാജരായി.

പ്രോസിക്യൂഷൻ സാക്ഷികൾ മൊഴി മാറ്റിയതിനെ തുടർന്നാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പൊലീസ് കോടതിയെ സമീപിച്ചത്. സാക്ഷികളെ ദിലീപ് സ്വാധീനിക്കാൻ ശ്രമിച്ചെന്നാണ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്.

കേസിലെ മുഖ്യപ്രതിയായ പൾസർ സുനി നേരത്തേ മുകേഷിന്റെ ഡ്രൈവറായിരുന്നു. ദിലീപും മുകേഷും അഭിനയിച്ചിട്ടുള്ള ഒരു ചിത്രത്തിന്റെ സെറ്റിൽവെച്ചാണ് പൾസർ സുനി ദിലീപിനെ പരിചയപ്പെട്ടതെന്നാണ് പ്രോസിക്യൂഷൻ വാദം. ഇതിനുശേഷം കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നടന്ന സ്റ്റേജ് ഷോ റിഹേഴ്സലിനിടെയാണ് നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചന നടന്നതെന്നും കുറ്റപത്രത്തിൽ പറയുന്നു. ഈ സാഹചര്യത്തിലാണ് മുകേഷിനെ വിസ്തരിച്ചത്. മുകേഷിന്റെ വിസ്താരം ഇന്ന് പൂർത്തിയായി. ഇനി 302 സാക്ഷികളുടെ വിസ്താരമാണ് പൂർത്തിയാക്കണ്ടത്. ആക്രമിക്കപ്പെട്ട നടി ഉൾപ്പെടെ 45 സാക്ഷികളുടെ വിസ്താരം പ്രത്യേക കോടതിയിൽ പൂർത്തിയായിട്ടുണ്ട്.

85 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിന് ജാമ്യം ലഭിച്ചത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നതടക്കം ഉപാധികളോടെയായായിരുന്നു ജാമ്യം.

Exit mobile version