ദുല്‍ഖര്‍ സല്മാന് നായകനാകുന്ന കുറുപ്പ് എന്ന സിനിമക്കെതിരെ നിയമനടപടിയുമായി കൊല്ലപ്പെട്ട ഫിലിം റെപ്രസന്റേറ്റീവ് ചാക്കോയുടെ ഭാര്യയും മകനും. പിടിക്കിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ കഥയെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. സിനിമ റിലീസ് ചെയ്യുന്നതിനു മുൻപ് കാണണമെന്നും സുകുമാരക്കുറുപ്പിനെ മഹത്വവൽക്കരിക്കുന്നതോ കൊല്ലപ്പെട്ട ചാക്കോയെ അപകീർത്തിപ്പെടുത്തുന്നതോ ആയ ഒന്നും സിനിമയിൽ ഇല്ലെന്നു ബോധ്യപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് ചാക്കോയുടെ ഭാര്യ ആലപ്പുഴ കരളകം ആലപ്പാട് കണ്ടത്തിൽ ശാന്തമ്മയും (62) മകൻ ജിതിനും (36) ദുൽഖർ സൽമാനു വക്കീൽ നോട്ടിസ് അയച്ചത്.
ഈ സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട് ആരും തന്നെയോ കുടുംബത്തെയോ സമീപിക്കുകയോ അനുവാദം വാങ്ങുകയോ ചെയ്തിട്ടില്ലെന്ന് ശാന്തമ്മ മനോരമ പത്രത്തിനോട് പറയുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസറിൽ, യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമയെന്നും അതിൽ സുകുമാരക്കുറുപ്പിന്റെ ദുഷ്പ്രവൃത്തികളെ ന്യായീകരിക്കത്തക്ക വിവരണം ഉണ്ടായിരുന്നു എന്നും അഡ്വ.ടി.ടി.സുധീഷ് മുഖേന അയച്ച വക്കീൽ നോട്ടിസിൽ ആരോപിക്കുന്നു.
ശ്രീനാഥ് രാജേന്ദ്രൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പിടികിട്ടാപ്പുള്ളിയായ സുകുമാര കുറുപ്പ് ആയിട്ടാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്. വിവേക് ഹര്ഷൻ ആണ് ചിത്രത്തിന്റെ എഡിറ്റര്‍. നിമിഷ് രവി ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. കോവിഡ് പ്രതിസന്ധി മൂലം റിലീസ് വൈകുകയാണ്.