Site icon Ente Koratty

നടിയെ ആക്രമിച്ച കേസ്: വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതൽ സമയം ആവശ്യപ്പെട്ട് വിചാരണക്കോടതി ജഡ്ജി

ന്യൂഡൽഹി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് വിചാരണക്കോടതി ജഡ്ജി. മൂന്നുമാസംകൂടി വേണമെന്നാണ് ജഡ്ജി സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നത്. നേരത്തെ ആറു മാസത്തിനകം വിചാരണ പൂർത്തിയാക്കാൻ കോടതി സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു.  എന്നാൽ കോവിഡ് മൂലം  വിചാരണ നടപടികൾ തടസപ്പെട്ടു. ഈ സാഹചര്യത്തിലാണ്  ജഡ്ജി ഹണി വർഗീസ് കൂടുതൽ സമയം തേടിയയത്.

കേസ് നാലാം തിയതി പരിഗണിക്കും. നിലവിൽ ആക്രമണത്തിനിരയായ നടിയുടെ ക്രോസ് വിസ്താരമാണ് നടക്കുന്നത്. ഇത് പൂർത്തിയായാലുടൻ വിചാരണ നടപടികൾ ആരംഭിക്കും.

പല തവണ പ്രതികൾ മേൽക്കോടതികളിലടക്കം ഹർജി നൽകിയതിനാൽ കേസിന്‍റെ വിചാരണ രണ്ടരവർഷത്തോളം വൈകിയാണ് തുടങ്ങിയത്. ഇതിനിടെ ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയെ സമീപിച്ച്, പ്രത്യേക ഹർജി നൽകി, കേസ് പരിഗണിക്കാൻ വനിതാ ജഡ്‍ജി തന്നെ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ അടിസ്ഥാനത്തിലാണ് സിബിഐ പ്രത്യേക കോടതി ജഡ്‍ജിയായിരുന്ന ഹണി വർഗീസിനെ വിചാരണക്കോടതി ജഡ്ജിയായി നിയമിച്ചത്.

Exit mobile version